മോചനം
മോചനം
മേശപ്പുറത്തു കിടന്നിരുന്ന ഒരു മാഗസിൻ അലസമായി മറിച്ചുനോക്കുന്നതിനിടയിൽ ഫോൺ ശബ്ദിച്ചു
ട്രിംഗ് ട്രിംഗ്..... ട്രിംഗ് ട്രിംഗ്.....
മോചനം, പറവൂർ ബ്രാഞ്ച്. സ്വേത സ്‌പീക്കിങ്.
പറയൂ, ആരാ സംസാരിക്കുന്നെ.
ഞാൻ സ്മിത വിനയ് , മനോജവിഹാർ, വാണിയ്ക്കാട്.
രണ്ടുദിവസത്തിനുമുമ്പ് രെജിസ്റ്റർ ചെയ്തിരുന്ന മനോജ എന്ന കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും അറിവ് കിട്ടിയോ മാഡം?
സങ്കടത്താൽ തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ ഒരുവിധം പറഞ്ഞൊപ്പിച്ച സ്മിതയെ സ്വേത ആശ്വസിപ്പിച്ചു,
"അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി എന്ന അറിവാണ് ലഭിച്ചിരിക്കുന്നത്. പ്രയാസപ്പെടാതിരിക്കൂ. കുട്ടിയെ എത്രയും വേഗം നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നതാണ്."
റിസീവർ വച്ചശേഷം രെജിസ്റ്റർ ബുക്കിലെ ഈ കേസിന്റെ തീയതിയിലേക്ക് ഒന്നൂടെ കണ്ണോടിച്ചു. 14-04-2045. ഏപ്രിൽ 14 തനിക്ക് മറക്കാനാകാത്ത ദിവസം. 10 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് തന്റെ അമ്മയ്ക്ക് തന്നെ മിസ്സ് ആയത്. അച്ഛനും അമ്മയും താനും അച്ഛമ്മേടെ വീട്ടിൽനിന്ന് എറണാകുളം ടൗണിലുള്ള പുതിയ വീട്ടിലേക്കു മാറിത്താമസിച്ചിട്ട് ആറു മാസങ്ങൾ കഴിഞ്ഞതേയുള്ളൂ. നോവുന്ന ആ ഓർമ്മകളുടെ ചുരുളഴിയുമ്പോൾ വെറും 10 വയസ്സുള്ള ബാലികയായി സ്വേത. എത്ര ആഹ്ലാദത്തോടെയാണ് അച്ഛൻ നൽകിയ വിഷുക്കൈനീട്ടവുമായി അടുത്തുള്ള പടക്കക്കടയിലേക്കോടിയത്. കൈനിറയെ കമ്പിത്തിരിയും മത്താപ്പും വാങ്ങി വീട്ടിലേക്കു തിരിച്ചുവരു മ്പോൾ പരിചയമില്ലാത്ത ഒരു മാമൻ പേരുചോദിച്ചതേയോർമ്മയിലുള്ളൂ. പിന്നെ ഏതോ ഒരു ഇരുട്ടുമുറിയിൽ തന്നെ ആരൊക്കെയോ ചേർന്ന് തനിക്കിഷ്ടമില്ലാത്ത എന്തൊക്കെയോ ചെയ്യുന്നു. വിസമ്മതിക്കുമ്പോൾ അടിക്കുകയും തന്റെ കൈപിടിച്ച് ബലമായി സൂചികൊണ്ട് എന്തോ കുത്തിവയ്ക്കുകയുമൊക്കെ ചെയ്യുന്നതും ഓർമ്മ നേർത്തുനേർത്തു തളരുന്നതും അവിടുന്നുണരുമ്പോൾ ഒന്നെണീറ്റു നിൽക്കാൻപോലും ശേഷികിട്ടാത്ത ദേഹം മുഴുവൻ രക്തക്കറകണ്ട് വാവിട്ടു കരയുന്ന തന്നെ പിന്നെയും ഇതൊക്കെത്തന്നെ ആവർത്തിക്കുന്നതും ഒരു ഞെട്ടലോടെമാത്രമേ ഇന്നും ഓർക്കാൻ കഴയുന്നുള്ളൂ. തന്നെക്കാൾ ചെറുതും വലുതുമായ കുട്ടികളുടെ ഏങ്ങലും കരച്ചിലും കാതുകളിൽ അലയടിച്ച നാളുകൾ. ഒരു രണ്ടുനാൾ രണ്ടുയുഗങ്ങളുടെ ദൈർഘ്യത്തിൽ ആണ് ആ കാരാഗൃഹത്തിൽ കഴിഞ്ഞത്.
മൂന്നാം ദിവസം വലിയൊരു പോലീസ് വാനും ജീപ്പും അവിടെയെത്തി ഞങ്ങളെ വാനിൽ കേറ്റി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിറക്കി. അവിടെ എന്റെ അച്ഛൻ കരഞ്ഞുകലങ്ങിയ കണ്ണുമായി എന്നെ വാരിയെടുത്തു മുത്തങ്ങൾകൊണ്ടു പൊതിഞ്ഞു പിന്നെ അവരുടെ ഒരു ബുക്കിൽ ഒപ്പിട്ടുകൊടുത്ത ശേഷം എന്നെ കാറിൽ കിടത്തി വീട്ടിൽ കൊണ്ടുവന്നു. ഒരു മുഴുഭ്രാന്തിയെപ്പോലെ അമ്മ ഓടിവന്ന് എന്നെ ചേർത്തുപിടിച്ചു മുത്തം തന്നു. എന്റെ ദേഹം കണ്ട് അലറിക്കരഞ്ഞ് നിലത്തേക്കു വീണു. പിന്നെ ഞാൻ കണ്ടത് അമ്മയെ വിറകടുക്കിവച്ച് കത്തിക്കുന്നതാണ്. എന്റെ അമ്മയ്ക്കു നോവും പൊള്ളും എന്നൊക്കെ ഉറക്കെ പറഞ്ഞു കരഞ്ഞുതളർന്ന എന്നെ അയലത്തെ ചേച്ചിയാണ് ബെഡ്‌റൂമിൽ കൊണ്ടുപോയി കിടത്തിയത്.
മുറിവുകൾ ഉണങ്ങി പഴയ ഉഷാറൊക്കെ തിരിച്ചുകിട്ടി എങ്കിലും ആ വർഷം സ്കൂളിൽ വിട്ടില്ല അച്ഛൻ. അടുത്ത ജൂണിൽ ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറ്റി. വലിയച്ഛനും അമ്മായിമാരും ഒക്കെ ഇടയ്ക്കു വന്ന് നിർബന്ധിച്ചപ്പോൾ അഞ്ചിൽത്തന്നെ വീണ്ടും ചേർത്തു. അച്ഛൻതന്നെ യായിരുന്നു എന്നെ കൊണ്ടുപോയിരുന്നതും വിളിച്ചുകൊണ്ടുവന്നിരുന്നതും. പുതിയ സ്‌കൂളും പുതിയ കൂട്ടുകാരും ഒരുപാടിഷ്ടപ്പെട്ടു. ഇടയ്ക്കിടയ്ക്ക് ആ ഇരുട്ടുമുറിയിലെ സംഭവങ്ങൾ സ്വപ്നത്തിൽ വന്ന് എന്നെ അലട്ടിക്കൊണ്ടി രുന്നെങ്കിലും പഠിപ്പിൽ ആവുമ്പോലെ ശ്രദ്ധ ചെലുത്തി. ദിവസങ്ങളും വർഷങ്ങളും കൊഴിഞ്ഞു. അച്ഛനും ഞാനും അമ്മയുടെ ഓർമ്മകളിൽ മനം നൊന്തു കഴിഞ്ഞുവരികയായിരുന്നു.
പത്തു കഴിഞ്ഞു പ്ലസ് ടുവും നല്ല മാർക്കോടെത്തന്നെ പാസ്സായി. ബി എ യ്ക്കു ചേർന്ന വർഷമാണ് മോചനം എന്ന ഒരു ആർട്ടിക്കിൾ വായിക്കാനിടയായത്.
ആ ആർട്ടിക്കിൾ വളരെ ചുരുക്കി ഞാനിവിടെ പറയാം.
ഒരു കൂട്ടുകുടുംബത്തിലെ ആങ്ങളയുടെയും പെങ്ങളുടെയും ശ്യാമ, കൃഷ്ണൻ എന്നു പേരുള്ള രണ്ടുകുട്ടികൾ
ഒരു ദിവസം വീടിന്റെ ഉമ്മറത്തു കളിച്ചുകൊണ്ടിരുന്നു. കൃഷ്ണന് 10വയസ്സും ശ്യാമയ്ക്ക് 5വയസ്സും പ്രായമായിരുന്നു. പെട്ടെന്ന് അഞ്ചുവയസ്സുള്ള ശ്യാമയെ ഒരു അപരിചിതൻ എടുത്ത് ഒരുവണ്ടിയിൽ ഇരുത്തി കൊണ്ടുപോയി. അതൊരു മാഫിയ സംഘമായിരുന്നു. അവിടുത്തെ തലവൻ സ്വന്തം സഹോദരന്റെ കുട്ടിയെ തിരിച്ചറിഞ്ഞു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ബോംബയിൽ ഒരു ബിസിനസ്സ് ആണെന്നു പറഞ്ഞ് വിവാഹശേഷം ഭാര്യയെയുംകൂട്ടി ബോംബേക്ക് താമസത്തിനുപോയ അയാൾ ഒരു അധോലോകസാമ്രാജ്യത്തിന്റെ ഉടമയായിരുന്നു എന്നത് ഭാര്യ അറിഞ്ഞെന്നു കണ്ടപ്പോൾ എല്ലാം രഹസ്യമായിരിക്കണം അല്ലാത്തപക്ഷം നിന്റെ ശവമായിരിക്കും മിച്ചമുണ്ടാവുക എന്നുപറഞ്ഞ് ഭാര്യയെ പേടിപ്പിച്ചു. അതോടെ അവർ എല്ലാം രഹസ്യമാക്കി വച്ചു. വർഷന്തോറും മാന്യത നടിച്ച് നാട്ടിൽ വന്നുംപോയുമിരുന്നു. അയാളുടെ വല്യച്ഛന്റെ മകന്റെ കുട്ടിയായിരുന്നു ശ്യാമ. സമ്പത്തിന്റെ കൊടുമുടിയിൽ കഴിഞ്ഞിരുന്ന ആ മാഫിയാത്തലവനും ഭാര്യക്കും ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. ശ്യാമയെ അവർ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്നു. അതേസമയം കൃഷ്ണൻ ശ്യാമയെക്കാണാതെ വിഷമിച്ചു കരയുകയായിരുന്നു. ശ്യാമയുടെ അമ്മ മകളെ കാണാതായ വിവരം പോലീസിലോക്കെ അറിയിച്ചെങ്കിലും യാതൊരറിവും കിട്ടിയില്ല. പല വീടുകളിൽനിന്നും കുട്ടികളെ കാണാതെ പോവുകയും സ്‌കൂൾ കുട്ടികളെ മയക്കുമരുന്നിനടിമയാക്കി അതിന്റെ വില്പന വികസിപ്പിക്കുകയും ഒക്കെയായി സംസ്കാരം ചോർന്നുപോയി ഭീതിയുടെ നാടായിമാറി ഭാരതംതന്നെ. ദൈവത്തിന്റെ നാടായ കൊച്ചുകേരളം മുഴുവനും സംസ്കാരശൂന്യതയുടെ പീലിവിരിച്ചാടി. കുട്ടികളുടെ ആത്മഹത്യകൾ പെരുകിവന്നു. പലർക്കും മക്കൾ നഷ്ടമായി.
അങ്ങനെയിരിക്കെ
കൃഷ്ണൻ ഐ ടി എഞ്ചിനീയറായി ജോലിനോക്കുന്ന കമ്പനിയിൽനിന്ന് ഒരു വിനോദയാത്രയ്ക്കു പോയ ബസ്സ് ഒരു മാഫിയ സംഘം തട്ടിക്കൊണ്ടുപോയി. നേരെ ബോംബെയിലുള്ള ഈ മാഫിയാസംഘമായിരുന്നു അതും. തലവൻ കൃഷ്ണനെയും റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ബാക്കിയുള്ളവരെ അയാളുടെ ഉദ്യോഗസ്ഥർ ക്രൂരമായി ഉപദ്രവിച്ച്, പീഡിപ്പിച്ച്, പേടിപ്പിച്ച് അവരുടെ അടിമകളാക്കി. നടുമുഴുവനും മാഫിയസംഘങ്ങളുടെ താവളങ്ങൾ പെരുക്കി.
കൃഷ്ണനെയും വീട്ടിലേക്കു കൊണ്ടുന്നപ്പോൾ ശ്യാമയും കൃഷ്ണനും കണ്ടുമുട്ടി. കൃഷ്ണനെയും ശ്യമായേയും ഓർത്തോർത്തു ഭയന്ന് തലവന് ഒരു ദിവസം പ്രഷർ കൂടുതലായി ഒരു വശം തളർന്നു ചികിത്സയിലായി. പിന്നെ അവിടുന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം തേടുകയായിരുന്നു രണ്ടുപേരും. പലനാൾ ശ്രമങ്ങൾക്കുശേഷം അവർ തന്ത്രപൂർവ്വം അവരുടെ കണ്ണുവെട്ടിച്ചു അവിടുന്നു രക്ഷപ്പെട്ടു. വീട്ടിലെത്തിയ അവർ പോലീസിൽ അറിവുകൊടുത്തു. അന്വേഷണത്തിൽ കുറച്ചുപേർ അറസ്റ്റിലായി.. കുറച്ചുനാൾ ടീവിയും പത്രവും മാധ്യമങ്ങളും ആ വാർത്ത ആഘോഷമാക്കി എന്നല്ലാതെ വലിയഫലമൊ ന്നുമുണ്ടായില്ല.
അധോലോകസാമ്രാജ്യം നാടിനും നാട്ടുകാർക്കും ചെയ്തുവരുന്ന ക്രൂരവിനോദം നിർത്തലാക്കണമെങ്കിൽ സർക്കാർസേവനങ്ങൾ ആശ്രയിച്ചിട്ടു കാര്യമില്ലെന്നു ബോധ്യമായ ശ്യാമയും കൃഷ്ണനും വരുംതലമുറയ്ക്കായി സ്വന്തം ജീവിതം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. സർക്കാരുമായി പലവുരു ചർച്ചകൾ നടത്തിയാണ് അനുവാദം വാങ്ങിയത്. പിന്നെ താമസിച്ചില്ല. തറവാട്ടുവക സ്വത്തുക്കളിൽ പൂരിഭാഗവും വിറ്റ് നാട്ടിൽനിന്ന് മാഫിയാ സംഘം തുടച്ചുമാറ്റാനുള്ള ചിന്തകളിൽമാത്രമായി കൃഷ്ണനും ശ്യാമയ്ക്കും. അവരുടെ വർഷങ്ങളോളമുള്ള പരിശ്രമത്തിന്റെ ഫലമാണ് മോചനം എന്ന പേരിൽ ഇന്ന് ഇന്ത്യയൊട്ടാകെ സൗജന്യസേവനം നടത്തിവരുന്നത്. 2025 ഏപ്രിൽ 14 ന് ആരംഭിച്ച ഈ സ്ഥാപനത്തിന് ഇന്നുവരെ ഉപഭോക്താക്കൾ മനസ്സറിഞ്ഞു സന്തോഷത്തോടെ കൊടുക്കുന്നതെന്തോ അതാണ് വരുമാനം.
ഇതിനൊക്കെപ്പുറമേ ഇവരുടെ തുടർച്ചയായുള്ള പോരാട്ടങ്ങളിലൂടെ സ്കൂളുകളിൽ സേഫ്റ്റി കോഴ്സുകളും കരാട്ടെ പരിശീലനവും ലൈംഗീക ക്‌ളാസ്സുകളും നടപ്പാക്കി. ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതെ നിരത്തുകളിലേക്കിറങ്ങുന്ന എല്ലാവർക്കും ശിക്ഷാനടപടികൾ ആരംഭിച്ചു. ഔദ്യോഗിക ശിക്ഷകളിൽ സസ്‌പെൻഷൻ വിഭാഗം പിൻവലിച്ചു. രാഷ്ട്രീയഭരണപാർട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവും എന്ന രണ്ടു വിഭാഗങ്ങളാക്കി ചുരുക്കി. അഴിമതിയും കോഴസമ്പ്രദായവും പാടേ ശിക്ഷാർഹമാക്കി. സ്ത്രീ സുരക്ഷാനിയമം മനുഷ്യസുരക്ഷാനിയമ മാക്കിത്തിരുത്തി. അങ്ങനെ നിയമങ്ങളും നിയമനങ്ങളും ശരിയായ രീതിയിൽ കൊണ്ടുവന്നു. ദൈവനാടിന്റെ ഛായ തിളങ്ങാൻ തുടങ്ങി.
ഇതായിരുന്നു ആ ലേഖനത്തിന്റെ ചുരുക്കം.
ഇത് വായിച്ചപ്പോൾ ഈ സേവനത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു വന്നതാണ് ഞാനും.
റിസപ്ഷനിസ്റ്റ് ആയി താനിവിടെ ജോലിക്കു ചേരുന്നകാലത്ത് ശരവർഷം വന്നുകൊണ്ടിരുന്ന വിളികൾക്കു തെല്ലൊരാശ്വാസമായിട്ടുണ്ട് ഇപ്പോൾ. തന്റേതായ കുറ്റങ്ങൾകൊണ്ടല്ലാതെ ശിക്ഷിക്കപ്പെടുന്ന മനുഷ്യരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ 'മോചനം' എന്ന സ്ഥാപനം ശ്യാമേച്ചിയും കൃഷ്ണേട്ടനും ചെറിയതോതിൽ ആരംഭിച്ച് വൻശക്തിയായി വളർന്ന് ഇന്ന് മാഫിയാസംഘങ്ങളുടെ അടിത്തറ തോണ്ടുന്ന കർമ്മം വിജയത്തിന്റെ പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഇതേ നിലയിൽ മുന്നോട്ടുപോകുകയാണെങ്കിൽ ഏകദേശം 2050 എത്തുമ്പോഴേക്കും മാഫിയാസംഘം ഏതാണ്ട് പൂർണ്ണമായിത്തന്നെ തുടച്ചുമാറ്റാനാകും എന്ന് അനുമാനിക്കാം. സ്വേത ആത്മസംതൃപ്തിയോടെ കൂട്ടിച്ചേർത്തു.
Comments
Post a Comment