വർണ്ണസ്വപ്നം
അന്നവൻെറ പിറന്നാളായിരുന്നു. അമ്മയുടെ നിർബന്ധപ്രകാരം രാവിലെ അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രനടയ്ക്കൽ തൊഴുതു നിൽക്കുമ്പോൾ, തൊട്ടുമുന്നിൽ കൈതൊഴുതു കണ്ണുംപൂട്ടി ഒരു സുന്ദരി ഭഗവാനോട് എന്തൊക്കെയോ മൌനമായി ചുണ്ടനക്കിപ്പറയുന്നു. നടക്കുന്ന നടപ്പിലൊക്കെ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ തിരയുന്ന തൻെറ കണ്ണ് അവളിലുടക്കിയതിൽ അതിശയിക്കാനുന്നുമില്ലല്ലോ. വഴിപാടിൻെറ ചീട്ടുനോക്കി പൂജാരി വിളിച്ചു പ്രസീത, സ്വാതി നക്ഷത്രം. അവൾ കൈനീട്ടി പ്രസാദം വാങ്ങുമ്പോൾ അതിലെ പഴം എൻെറ കാൽക്കൽ വീണു നമസ്ക്കരിക്കാനെന്നപോലെ ഒരു ചാട്ടം താഴേക്ക്. കിട്ടിയ ചാൻസു പാഴാക്കാതെ ഞാനതു കുനിഞ്ഞെടുത്ത് അവളുടെ കൈയിൽവച്ചുകൊടുത്തപ്പോൾ അവൾ മൊഴിഞ്ഞു താങ്ക്സ്. ഒപ്പം എൻെറ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഞാനോർത്തു. എൻെറ പേര് പ്രസാദ്. അവൾ പ്രസീത. പേരിലൊരു മാച്ച്. ആകാശനീലനിറത്തിലുള്ള ചുഡിദാറിൽ കാണാനതീവസുന്ദരി. ഉള്ളങ്കൈയിൽ ഒരു പൊന്മാൻ പറന്നിരുന്നപോലെ അവൻെറ ഉള്ളം കോരിത്തരിച്ചു. ഹൃയകോവിലിൽ പഞ്ചാരിമേളവും തായമ്പകയും. കൊട്ടും വാദ്യവും പ്രണയപൂജയുമൊക്കെ കഴിഞ്ഞു സ്ഥലകാലബോധം വന്നപ്പോഴേക്കും സുന്ദരി മായയായ് മറഞ്ഞുകഴിഞ്ഞിരുന്നു. "പേരറിയാം അവളുടെ നാളറിയാം" അവൻെറ നാവിൽ എതോ സിനിമാഗാനത്തിൻെറ ഈരടി.
ക്ഷേത്രവാതിൽക്കൽ നിറുത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുമ്പോൾ അവനോർത്തു, ഇതൊരു പതിവാക്കിയാലോ. മനസ്സിൽ പതിഞ്ഞ അവളുടെ രൂപവും ഓർത്തു വണ്ടി ഒന്നുരണ്ടിടങ്ങളിൽ പാളി. വീട്ടിൽ പറഞ്ഞിട്ടാണോ മോൻ റോഡിലേക്ക് വണ്ടിയിറക്കിയതെന്നു ചോദിക്കയും ചെയ്തു അതിലൊരാൾ. അയാളോടു സോറിപറയുമ്പോൾ അയ്യോ ഇയാൾ വേണ്ടാത്തതൊന്നും പറയല്ലേന്നായിരുന്നു മനസ്സിൽ.
എന്തെന്നില്ലാത്തൊരു ഉന്മേഷമായിരുന്നു അന്നു മഴുക്കെ. അത്താഴംകഴിഞ്ഞു കിടക്കുമ്പോൾ ഉള്ളംകൈയിലെ പൊന്മാൻ അടുത്തു കിടക്കുന്നപോലൊരു തോന്നൽ. മോളേ…, കൽക്കണ്ടക്കനിയേ, നിന്നെയെനിക്കു വേണോല്ലോ. എന്താ ഒരു വഴി. എന്തു വിലകൊടുത്തും നിന്നെ ഞാൻ സ്വന്തമാക്കും. ഇനിയുള്ള എൻെറ ഓരോ ദിവസവും ഈലക്ഷ്യത്തിലെത്താനുള്ളതായി രിക്കും...ഓരോന്നാലോചിച്ച് അവനെപ്പഴോ മയങ്ങി.
ആ മയക്കത്തിൽ ഒരു അഗാഥമായ പ്രണയോത്സവത്തിനു കൊടികേറി. അവന് അവളോട് കടുത്ത പ്രണയം. അത് അവളോടു തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാനിതങ്ങോട്ടു പറയാനിരിക്കയായിരുന്നെന്ന്. പിന്നെപ്പറയണോ. ആ പ്രണയപക്ഷികൾ ചിറകുകൾ മഴവില്ലിൽ മുക്കി വിദൂരങ്ങളിലേക്കു പറന്നു.
അവരുടെ പ്രണയം നിശബ്ദമായിരുന്നു. ഒരു മൊട്ടുസൂചി വീണാൽപോലും തിരിച്ചറിയുന്നത്ര നിശ്ശബ്ദം. ആരുടേയും കർണ്ണപുടങ്ങളെ അലോസരപ്പെടുത്താതെ, മറ്റാരുടെയും മിഴിമുനകൊണ്ടൊരു പോറൽപോലുമേൽക്കാതെ മറ്റൊരു ഹൃദയവും നുകരാനാവാത്തവിധം അവൻ അവളിലേക്കും അവൾ അവനിലേക്കും ഒതുങ്ങി പരസ്പരം ഹൃദയത്തിൻെറ ഉള്ളറകളിൽ ഭദ്രമായി കുടിയിരുത്തി അന്യോന്യം പവിത്രമായി പൂജിക്കുന്ന വിഗ്രഹങ്ങളായവർ മാറി. ഒരു തണൽമരത്തിൻെയും മറപിടിക്കാതെ മടിയിൽക്കിടത്തി അവൻ അവളുടെയും അവൾ അവ ൻെറയും മുടിയിഴകൾ തലോടി. സ്വകാര്യതകൾക്കായി വിജനമായ ഇടനാഴികളോ തിരക്കില്ലാത്ത ഇടവഴികളോ രാത്രിയുടെ ഇരുൾമറയോ ഒന്നും തേടാതെ അവർ പരസ്പരം സ്വൈര്യവിഹാരം നടത്തി. ജനക്കൂട്ടങ്ങൾക്കിടയിലും അധരങ്ങൾതമ്മിൽ തൊടാതെ അവൻെറ പ്രണയമിഴികൾ അവൾക്കൊരായിരം ചുംബനങ്ങൾ സമ്മാനിച്ചു. അമ്പലപ്പറമ്പിലെ ഉത്സവത്തിരക്കിൽ തമ്മിലൊന്നു തൊടാതെ പരസ്പരം കൈകോർത്തവർ നടന്നു. ദേഹംകൊണ്ടൊരുപാടകലെയായിരുന്നു അവർ. എന്നിട്ടും ഒരേ മരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിലിരുന്നാടി രസിച്ചു. ഏതു ജോലിത്തിരക്കിലും ആരുമറിയാതെ അവർ പ്രണയിച്ചുകൊണ്ടേയിരുന്നു. അവരുടെ പ്രണയത്തിന് ദാഹമോ വിശപ്പോ അറിയില്ലായിരുന്നു. അവനും അവളും മാത്രമുള്ള അവരുടെ പ്രണയലോകത്ത് അവൾ റാണിയും അവൻ രാജാവുമായി. അവർക്കുള്ളിലെ ആത്മാർത്ഥപ്രണയത്തിൻെറ തീവ്രതയാൽ അവനൊരു പർണ്ണശാലതീർത്തു. അതിൻെറ മുമ്പിലൊരു ഉദ്യാനമൊരുക്കി. ഉദ്യാനകവാടത്തിൽ മനോഹരമായ രണ്ട് അരയന്നങ്ങളുടെ ശിൽപങ്ങൾ കൊത്തിവയ്പ്പിച്ചു. പലതരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. അവിടെ വിരിയുന്ന വർണ്ണവൈവിദ്ധ്യമാർന്ന പൂക്കൾക്കു നടുവിൽ ഒരു ബഞ്ച്. അതിൽ അവളെ ഇരുത്തി അവനാസ്വ ദിക്കുമായിരുന്നു. പിന്നിലൊരു നീന്തൽക്കുളമൊരുക്കി. അതിൻെറ കൽപ്പടവിലിരുന്ന് അവൾ കാച്ചെണ്ണ തേച്ച് കാർകൂന്തൽ മിനുക്കുന്നതും ചന്ദനവും മഞ്ഞളും കലർത്തി അരച്ച് തോഴിമാർ അവളുടെ മേനിയിൽ തടവുന്നതും നീന്തിത്തുടിച്ചവൾ നീരാടുന്നതും അവൻ ആവോളമാസ്ദിച്ചു. കുളിച്ചുവന്ന അവളുടെ മേനിനിറയെ സുഗന്ധംപൂശി, സാമ്പ്രാണി പുകച്ച് മുടിയുണക്കി, കണ്ണെഴുതിച്ചു പൊട്ടുതൊടുവിച്ചു പുള്ളിപ്പാവാടയും ഹാഫ്സാരിയുമുടുപ്പിച്ചു. പിന്നെ പർണ്ണശാലയുടെ പടവിലിരുന്ന് രണ്ടാളും ഉദ്യാനപുഷ്പങ്ങളെ കണ്ടാസ്വദിച്ചു.
അങ്ങനെയിരിക്കെ അവൾ മരങ്ങളിൽ കുലകുലയായി പഴങ്ങൾ ഉണ്ടായിക്കിടക്കുന്നതുകണ്ട് അതിൻെറ സൌന്ദര്യം വർണ്ണിച്ചു. അതു കേട്ട് അവൻ ചോദിച്ചു അതിലെ ഏതു പഴമാണ് വേണ്ടതെന്ന്. അവൾ പറഞ്ഞു മാതളംപഴം വേണമെന്ന്. അവനതു പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ വല്ലാത്ത ചൂട് അനുഭവപ്പെട്ടു. പെട്ടെന്നവൻെറ കണ്ണുകൾ തുറന്നു. തുറന്നു കിടന്നിരുന്ന ജനാലയിലൂടെ സൂര്യകിരണങ്ങൾ അവൻെറ കണ്ണു പുളിപ്പിച്ചു. പൂർണ്ണതയിലെത്താത്ത സ്വപ്നത്തോട് അവനു കുണ്ഡിതം വന്നു. മുറ്റത്തു വിടർന്നുനിന്ന മന്ദാരപ്പൂവിലിരുന്നു മധു നുകരുന്ന ഒരു ചിത്രശലഭമായിരുന്നു അവൻെറ അന്നത്തെ കണി.
Comments
Post a Comment