കനലെരിയും മനസ്സുകൾ
1. കനലെരിയും മനസ്സുകൾ ശ്രീകുമാര്‍ കുളികഴിഞ്ഞ് പതിവുപോലെ പത്രം വായിക്കാനിരുന്നതായിരുന്നു.. ഒന്നു രണ്ടു പ്രധാന വാര്‍ത്തകളിലേക്ക് കണ്ണോടിച്ചതേയുള്ളൂ; ഉടനേ ഒരു ഫോണ്‍ കോള്‍. ഗോപനാണല്ലോ ... ഇന്നു ഞായറല്ലല്ലോ. ഇവരടികൂടാന്‍ പിന്നെന്താ ഇത്ര രാവിലെ എന്നു സംശയിച്ചുകൊണ്ടാണ് അയാള്‍ ഫോണെടുത്തത് “ഹലോ...., ശ്രീയല്ലേ, എടാ ഒന്നിവിടം വരെ വരാവോ. സുമിക്കൊരു ബുദ്ധിമുട്ട്. വേഗം വേണം”. “നീ വയ്ക്ക്, ഞാനിതാ എത്തി”. എന്നും പറഞ്ഞ് എഴുന്നേറ്റ് കാറിന്‍റെ കീ എടുക്കുമ്പോഴേക്കും രമ ചായയുമായെത്തി. നീ കുടിച്ചോളൂ. നമ്മുടെ ഗോപന്‍ വിളിച്ചിരുന്നു. എന്തോ പന്തികേടുപോലെ. അവിടംവരെയൊന്നു പോയേച്ചു വരാം. വെപ്രാളപ്പെട്ട് അയാള്‍ കാറെടുത്തു. രമ ഗേറ്റ് തുറന്നുകൊടുത്തു. ഏട്ടാ സൂക്ഷിച്ചു പോണം ട്ടോ..എന്നും പറഞ്ഞ് രമ ഗേറ്റും ചാരി അകത്തേക്കു കടക്കുമ്പോള്‍ ഓര്‍ത്തു. ഒന്നുമുണ്ടാവില്ലാ...പതിവുള്ളതല്ലേ രണ്ടാളുടെയും സൗന്ദര്യപ്പിണക്കം. അതിനു മദ്ധ്യസ്ഥം വഹിക്കാന്‍ ശ്രീയേട്ടനെയാണല്ലോ വിളിക്കാറുള്ളത്. അവള്‍ ആറിയ ചായയും മോന്തി അടുക്കളയിലേക്കു കടന്നു മറ്റുള്ള ജോലികളില്‍ മുഴുകി. ഒരു രണ്ടു കി.മി.ദൂരെയാണ് ഗോപന്‍ താമസിക്കുന്നത്. ...