വിഷുക്കണിയും കർണ്ണികാരപ്പൂക്കളും
വിഷുക്കണിയും കർണ്ണികാരപ്പൂക്കളും നാട്ടിലെ പ്രമാണിയായിരുന്ന അപ്പുണ്ണിവാര്യരുടെ പാടത്തും പറമ്പിലും പണിയെടുത്തു കഴിഞ്ഞുവരികയായിരുന്നു കുഞ്ഞുണ്ണിയും കോതയും. വാര്യരുടെ പത്തേക്കർ പറമ്പിന്റെ തെക്കേ ഓരത്ത് അമ്മാളു വാരസ്യാരുടെ നിർബന്ധത്താൽ ഒരു കുടിൽ വച്ചതിൽ താമസിക്കുന്ന കാലത്താണ് കോത ഗർഭം ധരിച്ചത്. പ്രസവത്തിന് ഒരാഴ്ചമുമ്പ് ഒരുദിവസം രണ്ടാളുംകൂടെ പതിവുപോലെ പണികഴിഞ്ഞു മടങ്ങുന്ന വഴിക്ക് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു കുഞ്ഞുണ്ണി. അയാളുടെ മരണത്തിനുശേഷം മേടം ഒന്നാംതീയതിയാണ് കോതയുടെ പ്രസവം നടന്നത്. നല്ല ലക്ഷണമൊത്തൊരു പെണ്കുഞ്ഞു ജനിച്ചതിൽ കോതയ്ക്ക് അതിയായ സന്തോഷമായിരുന്നു. കുഞ്ഞുണ്ണിയുടെ ഓർമ്മയ്ക്ക് ഒരേയൊരടയാളം. അവൾ ആ ചോരക്കുഞ്ഞിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുമായിരുന്നു. അത്രയ്ക്കും കലയായിരുന്നു ആ കണ്ണുകൾക്ക്. കൃഷ്ണനെപ്പോലെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി കൃഷ്ണ എന്നു വിളിച്ചു അവളാ കുഞ്ഞിനെ. അമ്മാളു വാരസ്യാരുടെ സഹായം കൊണ്ടുമാത്രമാണ് കൃഷ്ണയുടെ വളർച്ചയും പിന്നീടുള്ള ജീവിതവും മുന്നോട്ടു പോയിരുന്നത്. തന്തയെ വിഴുങ്ങിയ കുട്ടി എന്ന് നാട്ടുകാർ വിശേഷിപ്പിച്ചെങ്കിലും കോത ആ കുഞ്ഞിനു വേണ്ടിയായിരുന്നു പിന്...