ഭാഗ്യജാതകം

ഭാഗ്യജാതകം

ജനറൽചെക്കപ്പും കഴിഞ്ഞു ഹോസ്ൽപിറ്റലിൽനിന്നു പുറത്തിറങ്ങി ഉണ്ണി സ്മിതയോട് താനിവിടെ നില്ക്ക്, ഞാൻ കാർ ഇങ്ങോട്ടു കൊണ്ടുവരാം എന്നും പറഞ്ഞു പാർക്കിംഗ് ഏരിയയിലേക്കു നടന്നു. കയ്യിലെന്തൊക്കെയോ താങ്ങിപ്പിടിച്ചുകൊണ്ട് ആശുപത്രി വരാന്തയിലേക്ക് കേറിവരുന്ന പരിചിതമായൊരു മുഖം സ്മിതയുടെ കണ്ണിൽപ്പെട്ടു. ആ മദ്ധ്യവയസ്‌ക്കയുടെ മുഖം സ്മിതയ്ക്ക് ഓർത്തെടുക്കേണ്ടിവന്നില്ല. അവൾ അവരുടെ അടുത്തേക്ക് ചെന്നു.

മേലേടത്തെ റാണിയല്ലേ.... എന്താ ഇവിടെ? ആർക്കാ വയ്യാത്തത്? എന്നെ മനസ്സിലായോ?

റാണി  (കുറച്ചുനേരം ഓർത്തുനോക്കിയിട്ട്  "ക്ഷമിക്കണം എനിക്കങ്ങോട്ട് പിടികിട്ടുന്നില്ല.

അതുകേട്ട് സ്മിത പറഞ്ഞു, " ങാ പോട്ടെ. അങ്ങോട്ടു പരിചയപ്പെടുത്താം. നിങ്ങളൊക്കെ വലിയ പഠിപ്പിസ്റ്റുകളായിരുന്നല്ലോ. അതുകൊണ്ടു എന്നെ ഓർക്കാൻ വഴിയില്ല. ഞാൻ സ്മിത ചാരുമനയ്ക്കലെ ശാരദക്കുഞ്ഞമ്മേടെ മോൾ. തന്റെ തൊട്ടടുത്തിരുന്നു പഠിച്ച...."

റാണി ഇടയ്‌ക്കയ്‌ക്കയറിപ്പറഞ്ഞു, "ങാ...മതി മതി. ഇപ്പൊ മനസ്സിലായി. തന്നെ വെള്ളാംപറമ്പിലെ ഉണ്ണിക്കുട്ടനല്ലേ കഴിച്ചിരിക്കുന്നത്. നമ്മുടെ കൂട്ടത്തിൽ താനാണ് ആദ്യം വിവാഹിതയായി നാടുവിട്ടത്. താനാളാകെ മാറിപ്പോയി. അതാ കണ്ടിട്ട് മനസ്സിലാകാഞ്ഞത്. അന്നത്തെ ആ സൗന്ദര്യത്തിനു ഇപ്പോഴും മാറ്റുകുറവില്ല. അല്പം കൂടിയോന്നേ സംശയമുള്ളൂ." 

പോടോ കളിയാക്കാണ്ട് എന്നു പറഞ്ഞ റാണിയോട്   

അതിന് ഞാൻ നുണയൊന്നും പറഞ്ഞില്ലാല്ലോ. സ്കൂൾ ബ്യൂട്ടി എന്നല്ലേ താനന്നൊക്കെ അറിയപ്പെട്ടിരുന്നത് എന്നൊരു പഴയകാല സ്മരണ  പുതുക്കിക്കൊണ്ട് ആട്ടെ,  എന്താ ഇവിടെ? അത് പറഞ്ഞില്ലല്ലോ ഇതുവരെ  എന്ന്  അല്പം ആശങ്കയോടെ ചോദിച്ചു. 

അതേയ് ജോസേട്ടൻ നല്ല സുഖമില്ലാതെ ഇവിടെ അഡ്മിറ്റാണ്. ഇടയ്‌ക്കിടെയുള്ളതാ. പ്രഷർ അല്പം കൂടി. ഒരു തലകറക്കംവന്നു കൊണ്ടുവന്നതാ. നാളെ ഡിസ്ചാർജ്‌ജാകും എന്ന് പറഞ്ഞുതീരുമ്പോഴേക്കും ഉണ്ണി കാറുമായിവന്നു. സ്മിത അങ്ങോട്ട് ചെന്ന്  ഉണ്ണിയേയും കൂട്ടി റാണിയുടെ അടുത്തേക്ക് വന്നു.

ഉണ്ണിയേട്ടാ, ഇത് റാണി, എന്റെ സഹപാഠിയാണ് അഞ്ചു മുതൽ PDC വരെ ഞങ്ങൾ ഒരേ ക്‌ളാസ്സിലായിരുന്നു എന്ന് പരിചയപ്പെടുത്തി.  

ഹായ് റാണി..എത്ര നാളയെടോ തന്നെ കണ്ടിട്ട്. അന്നത്തെപോലെതന്നെ. അല്പം തടിച്ചിട്ടുണ്ടെന്നല്ലാതെ ഒരു വ്യത്യാസോമില്ല എന്ന് സുപരിചിതരെപ്പോലെ സംസാരിക്കുന്നതുകണ്ട്‌ സ്മിത ആശ്ചര്യത്തോടെ ചോദിച്ചു  "ങേ...നിങ്ങൾ നേരത്തേ അറിയോ..?".

ഒന്നു പോയേടോ. ഞാനറിയാത്തതാണോ വെള്ളാംപറമ്പിലെ ഉണ്ണിക്കുട്ടനെ.

തൃശ്ശൂർ ഗവൺമെൻറ് കോളേജിൽ എഞ്ചിനീയറിങ്ങിനു ചേരുമ്പോൾ ഉണ്ണിക്കുട്ടനുണ്ടായിരുന്നു അവിടെ സീനിയറായിട്ട്. എറണാകുളത്തുന്നു ദിവസവും പോയിവരാനുള്ള അസൗകര്യംകാരണം അമ്മാവന്റെ വീട്ടിലായിരുന്നു ഞാൻ നിന്നിരുന്നത്. അമ്മായി പാൽ വാങ്ങിയിരുന്നത് വെള്ളാംപറമ്പീന്നും. അങ്ങനെ നല്ല പരിചയമാണ് ഞങ്ങൾ തമ്മിൽ. എന്നൊക്കെ രസംപിടിച്ചു  സംസാരിക്കുന്നതിനിടിയിൽ 

 തന്റെ അച്ഛന്റെ കൊളീഗിന്റെ മോൻ ആ കെയറോഫിൽ വീട്ടിൽ കയറിയിറങ്ങീതും തന്നെ ലവ് ചെയ്തതും പെണ്ണുകണ്ടതും കല്യാണം ഉറപ്പിച്ചതും എല്ലാം അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. തൻ്റെ അമ്മായി ആണ് ഒരിക്കൽ ഫോട്ടോ കാണിച്ചത്. അന്നേ പറഞ്ഞു ഇതെന്റെ കൂട്ടുകാരിയാണെന്ന കാര്യം. പിന്നെ കല്യാണമാകുമ്പോഴേക്കും ഞാൻ MS നു പോയിരുന്നു. റെന്നിയുമായുള്ള തന്റെ ചുറ്റിക്കളിയൊന്നും വിജയിച്ചില്ലല്ലേ അപ്പൊ എന്ന് ഉണ്ണി കളിയാക്കി . 

ഉണ്ണിയുടെ കുശലത്തിനു മറുപടിയായി റാണി തുടർന്നു, ഓ! അതിനൊക്കെ ഒരു ഭാഗ്യം വേണം നിങ്ങളെപ്പോലെ. റെന്നിക്ക് നല്ലൊരു ജോലിയൊന്നുമായില്ല. സൊ, അപ്പച്ചൻ ആ ബന്ധം സമ്മതിച്ചില്ല. ജോസേട്ടൻ അമ്മേടെ കൂട്ടത്തിലുള്ളതാ. എന്റെ തലേലെഴുത്തു ഇങ്ങനെയായി. അതൊക്കെ പോട്ടെ. എത്രനാളെത്തി കണ്ടതാ. വരൂ ജോസേട്ടനെക്കൂടി പരിചയപ്പെടാമെന്നു പറഞ്ഞ് അവൾ ജോസിന്റെ റൂമിലേക്ക്  അവരെ കൂട്ടിക്കൊണ്ടുപോയി. ജോസും ഉണ്ണിയും തമ്മിൽ സംസാരിക്കുന്നതിനിടയിൽ റാണി സ്മിതയെയും കൂട്ടി വരാന്തയിലേക്ക് പോന്നു. ഇത്രേം നാളത്തെ തന്റെ വിശേഷങ്ങളൊക്കെ പറയ്. കേൾക്കട്ടെ എന്നുംപറഞ്ഞ്  അവിടെക്കണ്ട ഒരോ കസേര വലിച്ചിട്ടിരുന്നു രണ്ടാളും. 

എന്റെ കാര്യമൊക്കെ പറയാണ്ടിരിക്കുന്നതാ നല്ലത്. തനിക്കു കേൾക്കണോ ഞാൻ MS കഴിഞ്ഞു വന്ന ഉടനെ അതേ കോളേജിൽ ലെക്ച്ചററായി ജോയിൻ ചെയ്തു. അമ്മാവൻറെ സ്ട്രോങ്ങ് റെക്കമെന്റേഷൻ ഉണ്ടായതുകൊണ്ട് കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു. ജോലിയായില്ലേ. പിന്നെ എന്താ. വീട്ടുകാരുടെ ഭാരമൊഴിക്കൽ. പെട്ടെന്ന് ജോസേട്ടനുമായുള്ള കല്യാണം. അഞ്ചുവർഷത്തിനുള്ളിൽ മൂന്നു കുട്ടികൾ. കടിഞ്ഞൂൽ പ്രസവത്തിൽ രണ്ടു പെൺകുട്ടികൾ. അടുത്തത് ഒരാണ്. അതിനിടയിൽ പ്രിൻസിപാൾ പ്രമോഷനും. ആകെ തിരക്കായിരുന്നു. മക്കൾക്കുവേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു ജീവിതം. ഒരു എന്ജോയ്മെന്റുമില്ലാതെ. പിള്ളേരു മൂന്നും താന്തോന്നികൾ. ഇഷ്ടപ്പെട്ടൊരുടെകൂടെയുള്ള ജീവിതം. മൂന്നുപേർക്കും ഓരോ പെൺകുട്ടികളും. എല്ലാരും കൂടെയുണ്ട് പറഞ്ഞിട്ടെന്താ കാര്യം. ഒരു വക പറഞ്ഞാൽ കൂട്ടാക്കാത്ത പ്രകൃതം. ജോസേട്ടനാണെങ്കിൽ ക്ലബ്ബും പാർട്ടിയും കളിയും കുടിയും. കുടുംബം നോക്കാൻ ഞാനും എന്റെ ഇത്രയുംകാലത്തെ സമ്പാദ്യവും മാത്രം.  എൻ്റെ തലവിധി. ചത്താമതീന്നായി. മടുത്തു. അതൊക്കെ പോട്ടെ. തന്റെ വിശേഷങ്ങൾ പറയു. കേൾക്കട്ടെ. റാണി പറഞ്ഞു നിറുത്തിയപ്പോൾ സ്മിത അവളുടെ വിശേഷങ്ങളിലേക്ക് കടന്നു.

 ഉണ്ണിയേട്ടനും ഞാനും സുഖമായി കഴിയുന്നു. ഞാൻ പ്ലസ് 2 കഴിഞ്ഞു ബി എ യ്ക്കു ചേർന്നവർഷംതന്നെ കല്യാണം. PG വരെ ഉണ്ണിയേട്ടൻതന്നെ പഠിപ്പിച്ചു. ഒരു ജോലിയും കിട്ടി. പക്ഷേ ജോലിക്കൊന്നും പോകാൻ ഉണ്ണിയേട്ടന്റെ വീട്ടിൽ ആരും സമ്മതിച്ചില്ല. വെള്ളാംപറമ്പിലെ മരുമകൾ ജോലിക്കുപോകുന്നത് അവർക്കാക്ഷേപമാണെന്നു പറഞ്ഞു. ഞാൻ പണ്ടേ ഒരു മടിച്ചിയാന്നു തനിക്കറിയാല്ലോ. എനിക്കെന്താ കുഴപ്പം. സുഖമായ ജീവിതം. പിന്നെ ജോലിക്കുപോയി കഷ്ടപ്പെടാണ്ടാന്ന്  ഞാനും കരുതി. പാരമ്പര്യമായി സ്വർണവ്യാപാരവും കൃഷിയും ഉള്ള വീടാണല്ലോ. അച്ഛൻ വയസ്സായപ്പോൾ ഉണ്ണിയേട്ടൻ എല്ലാം ശ്രദ്ധിക്കുന്നു. ഞങ്ങൾ എൻജോയ്‌ച്ചെയ്തു ജീവിച്ചു ഒരു അഞ്ചുവർഷം. പിന്നെയായിരുന്നു പ്രസവം. പേരിനൊരു മകൾ. അതുമതിയെന്നായിരുന്നു എല്ലാരുടെയും അഭിപ്രായം. അച്ഛനും അമ്മയും കൂടെത്തന്നെയുള്ളതുകൊണ്ട് കുട്ടിയെ വളർത്തുന്ന കാര്യമൊന്നും ഞാനറിഞ്ഞില്ല. ഉണ്ണിയേട്ടന്റെ അച്ഛന് ഞങ്ങളെല്ലാവരും ഇപ്പോഴും അറിവില്ലാപ്പൈതങ്ങൾ തന്നെ. അവർ അവളെ പഠിപ്പിച്ചു. മലയാളം ഡോക്ടറേറ്റ് എടുപ്പിച്ചു. പിന്നെ കല്യാണം കഴിച്ചുകൊടുത്തു. പുറത്തേക്കൊന്നുമല്ല. കുടുംബത്തിൽത്തന്നെ. ഉണ്ണിയേട്ടന്റെ അച്ഛൻപെങ്ങളുടെ മകളുടെ മകന്. അവർക്കാണേൽ വാവയും വേണ്ടത്രേ. വേണ്ട പണമുണ്ട്. അവർ രണ്ടുപേരും എഴുത്തിന്റെ വഴികളിൽ വിനോദസഞ്ചാരങ്ങളും ഒക്കെയായി ജോളിയടിച്ചു ജീവിക്കുന്നുണ്ട്. അച്ഛനും അമ്മയും തറവാട്ടിൽത്തന്നെ. ഇടയ്ക്കുപോയി കുറേനാൾ അവിടെയും നില്ക്കും.

സ്മിതയുടെ വിശേഷങ്ങള് കേട്ട റാണി പറഞ്ഞു, "താൻ ഭാഗ്യവതിയാടോ."


പറഞ്ഞുതീർന്നോ രണ്ടാളും വിശേഷങ്ങളൊക്കെ. നമുക്ക് പോകണ്ടേ? എന്നും ചോദിച്ചുകൊണ്ട് ഉണ്ണി അവിടേക്കെത്തി. കൂടെ ജോസുമുണ്ടായിരുന്നു. അവരുടെ കാർ നീങ്ങുന്നതും നോക്കി അൽപനേരം നിന്നുകൊണ്ട് അവർ റൂമിലേക്ക് പോയി. നാളെ ഡിസ്ചാർജിന്റെ സമയം വിളിച്ചു പറയണേ ജോസേട്ടാ. അപ്പൊ വരാമെന്നു പറഞ്ഞു റാണിയും ഇറങ്ങി. ഡ്രൈവിങ്ങിനിടയിൽ അവൾ സ്മിതയെക്കുറിച്ചോർക്കുകയായിരുന്നു. ഒരു മാർക്കുപോലും കളയാതെ താൻ കഷ്ടപ്പെട്ട് പഠിച്ചു ജോലിവാങ്ങിയിട്ടും  കഷ്ടങ്ങൾ തന്നെ ഇന്നും പിന്തുടരുന്നു. സ്മിതയാണെങ്കിൽ വെറും ആവറേജ് മാർക്കുകൾമാത്രമെടുത്തു പഠിപ്പുകാലവും ആഘോഷിച്ചു. ഇപ്പോൾ ജീവിതവും ആഘോഷിക്കുന്നു. നല്ല ഭാഗ്യജാതകം. ഒരു നെടുവീർപ്പോടെ ആ ഓർമ്മകൾക്ക് തൽക്കാലം വിരാമമിട്ടു റാണി,കാർ പോർച്ചിലേക്കൊതുക്കി നിറുത്തി ചാവിയുമായിട്ടു വീട്ടിലേക്കു കേറി പതിവുജോലികളിൽ മുഴുകി. 

Comments

Popular posts from this blog

മായാലോകത്തെ രാജകുമാരി

വേനൽക്കിനാവ്

വർണ്ണസ്വപ്നം