ഗംഗയും ഗിരിജയും
ഗംഗയും ഗിരിജയും
പത്താം ക്ലാസ് കഴിഞ്ഞു പിരിഞ്ഞതാണ് ഉറ്റ സുഹൃത്തുക്കളായിരുന്ന ഗിരിജയും ഗംഗയും. രണ്ടുപേരും പഠിക്കാൻ മിടുക്കികൾ. ഒന്നിച്ചായിരുന്നു സ്കൂലേക്കുള്ള പോക്കും വരവും. ഗംഗയുടെ അച്ഛൻ നാട്ടിലെ അറിയപ്പെട്ട ഒരു ജന്മിയുമായിരുന്നു. അവരുടെ കൂടിയാന്റെ മകളായിരുന്നു ഗിരിജ. മോളെ കോളേജിൽ പഠിപ്പിക്കാനുള്ള സൗകര്യത്തിന് ഗംഗയുടെ അച്ഛൻ ടൗണിലേക്ക് മാറിത്താമസിച്ചു. പിന്നീട് ഒരിക്കൽപോലും കണ്ടുമുട്ടനൊരവസരം കിട്ടിയില്ല ആ രണ്ടു സുഹൃത്തുക്കൾക്കും..
പഞ്ചാബിലെ സെവൻറ്റി മീഡിയം റെജിമെൻറ് അവരുടെ വാർഷികം ആഘോഷിക്കുന്ന പട്ടാളത്താവളം. രാജ്യത്തിൻറെ നാനാഭാഗങ്ങളിൽനിന്നും അവരവരുടെ രീതിയിലുള്ള ഭക്ഷണശാലകൾ അവിടെ ക്രമീകരിച്ചിരുന്നു. അവരവരുടെ നാടിന്റെ രുചികൾ തേടി നടക്കുകയും പരസ്പരം സൗഹൃദങ്ങൾ പങ്കുവയ്ക്കുകയും ഒക്കെയായി വളരെ ആഹ്ളാദകരമായിരുന്നു ആ അന്തരീക്ഷം. ഡാൻസ്, വിവിധഭാഷകളിലുള്ള ഗാനമേളകൾ തുടങ്ങിയ ധാരാളം പരിപാടികളും അവിടവിടെയായി അരങ്ങേറുന്നുണ്ടായിരുന്നു. കേരളത്തിന്റെ തനതായ രുചിതേടി ഒരേ ഭക്ഷണശാലയിൽ എത്തിയ വിമുക്തഭടനായ ഹവിൽദാർ സുരേഷിന് അവിടെ മലയാളത്തിന്റെ രുചികളിൽ മുഴുകി നിന്നിരുന്ന സുബേദാർ മേജർ ആയി വിരമിച്ച ശശിസാഹബിനെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. കോളേജിൽ ചരിത്രപാഠങ്ങൾ ഒന്നിച്ചു പഠിക്കാൻ കൂട്ടായിരുന്ന ശശിക്കും സുരേഷിനും മുഖത്തെ കണ്ണടയും മുടിയിലെ നാരയുമല്ലാതെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റമൊന്നും തോന്നിയില്ല. രണ്ടുപേരും സൗഹൃദം പങ്കുവക്കുന്നതിനിടയിൽ ശശിയുടെ അടുത്ത് കഴുത്തുവരെ വെട്ടിയിട്ട മുടിയിൽ വർണ്ണങ്ങൾ തേച്ചു ചുണ്ടിൽ ചായം പുരട്ടി, ദോശയും സാമ്പാറും ചട്ണിയും രസിച്ചു കഴിച്ചുകൊണ്ടു നില്ക്കുന്ന കൂളിംഗ് ഗ്ലസ്സുകാരിയെ വലിയ പരിചയമൊന്നും തോന്നിയില്ല ഗിരിജയ്ക്ക്. എന്നാൽ, ഭക്ഷണത്തിനിടയിൽ നെറ്റിയിലേക്ക് പാറിയ മുടിയൊന്നു നേരെയാക്കാൻ നിവർന്ന ഗംഗ, തല പഞ്ഞിക്കുടംപോലെ നരച്ച് സെറ്റുസാരിയുടുത്തുനിന്ന് ഇഡലിയും വടയും കഴിച്ചുകൊണ്ട് നില്ക്കുന്ന ഗിരിജയെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.ഗിരിജേ, നിനക്കെന്നെ മനസ്സിലായില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗംഗ അടുത്തേക്കുവന്നു. ആദ്യം പിടികിട്ടിയില്ലെങ്കിലും ഗംഗയുടെ വർത്തമാനത്തിന്റെ ശൈലി ആ സൗഹൃദം തിരിച്ചറിയാൻ ഗിരിജയ്ക്കു സഹായമായി. പിന്നെ നാലുപേരും പരസ്പരം സൗഹൃദം പുതുക്കാൻ അല്പം ഒഴിഞ്ഞ ഇടത്തേക്ക് മാറിയിരുന്നു.
ഇടയ്ക്കിടെ ഓർക്കാറുണ്ടെന്നും ഇങ്ങനെ കണ്ടുമുട്ടാൻ കഴിയുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല, രണ്ടുകൂട്ടരുടെയും മക്കൾ ആർമിയിൽ ആയതുകൊണ്ട് അതിനുള്ള ഭാഗ്യം നമുക്ക് ലഭിച്ചല്ലോ എന്നും പറയുമ്പോൾ രണ്ടുപേരുടെയും മുഖത്ത് സന്തോഷത്തിന്റെ പ്രകാശം. കുഞ്ഞിലേ ഗതിയില്ലാത്ത വീട്ടിൽ ജനിച്ച് ഒരുപാട് കഷ്ടങ്ങൾ അനുഭവിച്ചെങ്കിലും അതിനൊക്കെയുള്ള പലിശസഹിതം ഒരു സുന്ദരമായ ജീവിതമാണ് ലഭിച്ചത്. അതനുഭവിക്കാൻ കാത്തിരിക്കാതെ വിടപറഞ്ഞ മാതാപിതാക്കളെക്കുറിച്ചോർത്തുള്ള വിഷമമൊഴിച്ചാൽ ഒരു കൊച്ചുസ്വർഗ്ഗമാണ് എന്റെ ഇപ്പോഴത്തെ ജീവിതം. ഒരു മോനെയുണ്ടായുള്ളൂ. അവന്റെ രണ്ടു കുട്ടികളെയും കഥകൾ പറഞ്ഞും കളിപ്പിച്ചും പാഠങ്ങൾ ചൊല്ലിക്കൊടുത്തും വലുതാക്കി. വിവാഹപ്രായമായ രണ്ടു കൊച്ചുമക്കളും ഒരു മകളുടെ സ്നേഹം നൽകുന്ന വീട്ടമ്മയായ മരുമകളും ഒരുമിച്ചുള്ള സുഖകരവും സന്തോഷവുമുള്ള ജീവിതം തന്ന ദൈവത്തോട് നന്ദിയും പറഞ്ഞങ്ങനെ കഴിയുന്നു. അയ്യോ എന്റെ വിശേഷംമാത്രം പറഞ്ഞ് മുഷിപ്പിച്ചോ? സുഖല്ലേ രണ്ടാൾക്കും. ഗംഗേ, നിന്റെ വിശേഷങ്ങളൊക്കെ പറയ് കേൾക്കട്ടെ. നിങ്ങൾ എവിടെയാണ് ഇപ്പോൾ എന്ന ഗിരിജയുടെ കുശലാന്വേഷണങ്ങൾ കേട്ട് ഗംഗയുടെയും ശശിയുടെയും മുഖം ഒരുപോലെ മങ്ങി. ഗംഗയുടെ കൺപീലികൾ നനച്ച് കവിളിലൂടെ ഒലിച്ചിറങ്ങിയ കദനമഴത്തുള്ളികൾ സ്വന്തം സാരിത്തുമ്പിനാൽ തുടച്ചുകൊണ്ട് ഗിരിജ പറഞ്ഞു. മനസിനെന്താണ് ബുദ്ധിമുട്ട്. പറയാവുന്നതാണെങ്കിൽ പറയ്. ഭാരം കുറയുമല്ലോ. അതിനുംകൂടിയായി രിക്കും ദൈവം നമ്മളെ ഇവിടെ എത്തിച്ചത്.
അവിടെ നടക്കുന്ന ആഘോഷങ്ങളുടെ മേളക്കൊഴുപ്പുകൾക്ക് അവരുടെ മനസ്സിനെ സന്തോഷിപ്പിക്കാനായില്ല. സങ്കടം കടിച്ചിറക്കി ഗംഗ പറഞ്ഞു. ഞങ്ങൾക്കും ഒരു മോനാണ്. അവന് ഞങ്ങളെപ്പോലെ സ്ഥിതിയും ഗതിയുമൊക്കെയുള്ള വീട്ടിൽനിന്നുതന്നെ നല്ലൊരു ബന്ധവും കിട്ടി. പറഞ്ഞിട്ടെന്തിനാ. ഞങ്ങൾ നാട്ടിലും അവർ ഇവിടെയും. സ്വന്തം പേരക്കുട്ടി കളോട് മാതൃഭാഷയിൽ ഒന്ന് മനംവിട്ടു സംസാരിക്കാനോ വാത്സല്യം നല്കാനോ പറ്റാതെ മനസ്സ് വിങ്ങിയുള്ള ജീവിതം. പ്രായമൊക്കെയായി. ഞങ്ങൾക്ക് എപ്പോഴും വരാനും പോകാനുമൊന്നും സാധിക്കില്ല. കുട്ടികളുടെ ഭാവി നോക്കണം. എന്നുപറഞ്ഞു ആറുമാസങ്ങൾക്കുമുമ്പ് മോൻ വന്ന് സിറ്റിയിലെ അറിയപ്പെടുന്ന ഒരു വൃദ്ധമന്ദിരത്തിൽ ആക്കി രണ്ടാളെയും. അവിടെ ഞങ്ങൾക്ക് ഒരു കുറവുമില്ല. എന്നാലും മക്കളെയും കൊച്ചുമക്കളെയും കാണുമ്പോൾ കിട്ടുന്ന സുഖം ലോകത്തെവിടെയെങ്കിലും ലഭിക്കുമോ? എന്റെ മോന് ഈ ഗതി വരുത്തരുതേയെന്നൊരു പ്രാർത്ഥനയാണ് ഇപ്പോൾ എപ്പോഴും. ഗിരിജേ നീയെത്ര ഭാഗ്യവതിയാ. പഠിക്കുന്ന കാലത്ത് നിന്റെ വീട്ടുകാരുടെ കഷ്ടങ്ങൾ കണ്ട് ഞാൻ ഞാനെത്ര ഭാഗ്യവതിയാണെന്നോർത്തിട്ടുണ്ട് എന്ന ഗംഗയുടെ എല്ലാ സങ്കടങ്ങളും കേട്ടുകൊണ്ടിരിക്കുമ്പോൾ, ഇവളെത്ര ഭാഗ്യവതിയാണെന്നോർത്ത നാളുകൾ തൻ്റെ ഗതകാലസ്മരണകളിൽ തിരയുകയായിരുന്നു ഗിരിജ.
Comments
Post a Comment