ചുമടുതാങ്ങികൾ
ചുമടുതാങ്ങികൾ
പ്രഭാതസൂര്യന്റെ പ്രകാശമേറ്റ് നേരം വെളുത്തുവരുന്നതേയുള്ളൂ. ഉണർന്നിട്ടു മണിക്കൂറുകളോളമായി. മതി കിടന്നത് എന്ന ആത്മഗതത്തോടെ വളരെനേരത്തെ പരിശ്രമത്തിനുശേഷം സുശീലൻ കട്ടിലിൽ എണീറ്റിരുന്നു. ജനലിലൂടെ തിടുക്കപ്പെട്ട് ഉള്ളിലേക്ക് കയറുന്ന പ്രകാശരശ്മികളെ നോക്കിയിരിക്കെ, അയാളുടെ ചിന്തകൾ കാടുകയറുകയായിരുന്നു. വാർദ്ധക്യം ബാധിച്ച് ദേഹബലം കുറഞ്ഞിരിക്കുന്നു. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഇതേവരെ തന്നെക്കൊണ്ടായിട്ടില്ല. മറ്റൊരാളുടെ സഹായത്തോടെയല്ലാതെ മുന്നോട്ടുള്ള ജീവിതവും അസാദ്ധ്യമായിരിക്കുന്നു. സാമാന്യം നല്ലൊരു ജോലി ഉണ്ടായിരുന്ന തനിക്ക് എവിടെയാണ് പിഴവ് സംഭവിച്ചത്. ആ തിരച്ചിലിനിടയിൽ അയാളുടെ ഓർമ്മകൾ ഒരുപാടുകാലം പുറകോട്ടു സഞ്ചരിച്ചു.
രണ്ടേക്കർ പറമ്പും ടൗണിന്റെ കണ്ണായ ഭാഗത്ത് നല്ലൊരു ജൗളിക്കടയും ഉണ്ടായിരുന്നതല്ലേ അച്ഛന്. പി ജി കഴിഞ്ഞ് ഒരു ജോലി തരപ്പെടാതെ വർഷങ്ങൾ നാലഞ്ചു കൊഴിഞ്ഞ കാലത്ത് അമ്മ പറഞ്ഞതായിരുന്നു അച്ഛന് വയ്യാണ്ടായിരിക്കണൂ. ഇനി നീ വേണം ഇതൊക്കെ നോക്കിനടത്താനെന്ന്. ആ വാക്കിന് പുല്ലുവില കല്പിച്ചല്ലേ തൻ ഗൾഫിലൊരു ജോലി ശരിയാക്കി പറന്നത്. നല്ലപോലെ ഓടിനടന്നിരുന്ന മൂത്ത സഹോദരി വീണു കിടപ്പായതും താഴെയുള്ള രണ്ടു സഹോദരിമാരും ഒരു സഹോദരനും ഓർമ്മയിൽപ്പോലും വരാതെയും അന്നു യാത്രതിരിച്ചപ്പോൾ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കുന്ന ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നില്ലോ തന്റെ മുൻപിൽ. മുന്നോട്ടുള്ള ജീവിതം പങ്കിടാൻപോകുന്ന സുരജ എന്ന പെൺകുട്ടിയോടൊത്ത് സ്വകാര്യതയിലേക്കന്നേ കുടിയേറിയിരുന്നു തന്റെ മനസ്സ്.മൂത്തമകളുടെ ചികിത്സയും താഴെയുള്ള കുട്ടികളുടെ കല്യാണവും ഒക്കെ നടത്താൻ അച്ഛന് പറമ്പു മുറിച്ചു വിൽക്കേണ്ടിവന്നു. അക്കാലങ്ങളിൽ, പൈസ മോൻ ചെലവാക്കിയാൽ ഈ ഭൂമി കൈവിട്ടു കളയാതിരിക്കാമെന്നു പറഞ്ഞ അമ്മയോട് പൂച്ഛത്തോടെ താൻ പറഞ്ഞതെന്തായിരുന്നു. എനിക്കെന്തിനാ ഇത്രേം പറമ്പോക്കെ. അമ്മ അതുവിറ്റെടുത്ത് സതിയുടെയും സുജയുടെയും ചെലവുകളൊക്കെ നോക്കിക്കോളൂ എന്നായിരുന്നില്ലേ. വീട്ടിലേക്ക് ഒരു നയാപൈസ അയച്ചുകൊടുക്കാൻ സുരജ സമ്മതിക്കുമായിരുന്നില്ല. അവളുടെ സന്തോഷമായിരുന്നില്ലേ അന്നൊക്കെ തന്റെ ഏകസന്തോഷം. നാട്ടിലില്ലാത്ത ആർഭാടമൊക്കെ കാണിച്ച് അവളെ സ്വന്തമാക്കിയപ്പോൾ ഈ ലോകംതന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നു മനസ്സിൽ. സുരജയുടെ വാക്കുകൾക്ക് മറുവാക്കോതാതെ കാറുവാങ്ങി. അമ്മയുടെ ഉപദേശങ്ങൾ കാറ്റിൽപ്പറത്തി, വീടുടച്ചുവാർത്ത് അച്ഛന്റെ പത്തി താഴ്ത്തി അവിടെ ഒരു ബംഗ്ളാവുണ്ടാക്കിയപ്പോഴും ഇളയസഹോദരന് വാരിക്കോരി പണം കീശയിലിട്ടുകൊടുത്തപ്പോഴുമൊക്കെ ഭാര്യയുടെ ഇഷ്ടങ്ങളെ മാനിച്ചു നടക്കുന്ന നല്ലൊരു ഭർത്താവായി ഞെളിഞ്ഞപ്പോൾ, താൻ മതിമറന്നർമ്മാദി ച്ചപ്പോൾ മാതാപിതാക്കളുടെ നല്ല മകനാകാൻ ശ്രമിക്കാതിരുന്ന ഒരു അധർമ്മം അവിടെ തലപൊക്കിനിന്നിരുന്നത് അന്നു കാണാൻ പറ്റാത്തവിധം തന്റെ കണ്ണുകളിൽ തിമിരം ബാധിച്ചിരുന്നോ?
പഠിക്കേണ്ടവയസ്സിൽ പഠിക്കാതെ വീടിനും നാടിനും ഒരുപോലെ ദ്രോഹിയായി സഹോദരനെ മാറ്റിയതും തന്റെ പണത്തിമിരുതന്നെ ആയിരുന്നില്ലേ? സുമേച്ചിയുടെയും സുജയുടെയും സതിയുടെയും മനസ്സിൽ തന്നോടുള്ള സ്നേഹമൊന്നറിയാൻപോലും ശ്രമിക്കാതെ അവരെ നോവിച്ചിട്ടും അച്ഛനെയും അമ്മയെയും അവസാനകാലങ്ങളിൽ വേണ്ടതെല്ലാം നോക്കി നടത്തി ആവോളം സ്നേഹം നൽകി യാത്രയാക്കിയതും ഇന്ന് തനിക്കും ഭാര്യയ്ക്കും ഇളയസഹോദരനും കൈത്താങ്ങായി സാന്ത്വനമായിട്ടുള്ളതും അവർമാത്രമല്ലേ. നല്ല പ്രായത്തിൽ അച്ഛന് കൈത്താങ്ങാകാതെ കൂടപ്പിറപ്പുകളെ നോക്കാതെ സ്വാർത്ഥനായി നടന്ന എനിക്കീ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
അതിന്റെ ശിക്ഷയാണോ ആവോ നിരാശമൂത്ത് അനിയൻ ജീവിതം ഒരുമുഴം കയറിലൊതുക്കിയതും തനിക്കൊരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യമുണ്ടാകാതെപോയതും അക്കാരണത്താൽ വേദനപ്പെട്ട് സുരജ മാറാരോഗിയായി മാറിയതും ജോലി നഷ്ടമായതും വീടിനെ മോടിപിടിപ്പിക്കാനായി ബാങ്കിൽനിന്നെടുത്തപണം തിരിച്ചടയ്ക്കാൻ വയ്യാതെ വീടൊഴിച്ചു ബാക്കിയുള്ള സ്ഥലമെല്ലാം ജപ്തിയായിപ്പോയതും നിന്നുതിരിയാനിടമില്ലാതെ മുറ്റത്തേക്കൊന്നിറങ്ങി നടക്കാൻപോലുമാകാതെ കിടപ്പാടമൊന്നു വെള്ളയടിച്ചു വൃത്തിയാക്കാൻപോലുമാവാതെ നരകതുല്യജീവിതം നയിക്കേണ്ടിവന്നത്. ഇന്നത്തെ തന്റെ ഈ അവസ്ഥയ്ക്കുള്ള കാരണം തറവാടിരിക്കുന്ന സ്ഥലം കൈക്കലാക്കാനുള്ള തന്റെ അതിമോഹമായിരുന്നില്ലേ. ഇന്ന് ഒരു കുറവുമില്ലാതെ, യാതൊരു പരാതികളും പറയാതെ ഞങ്ങളെ രണ്ടാളെയും നോക്കുന്ന ഈ അനിയത്തിക്കുട്ടികളെക്കാണുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്നു തോന്നുന്നു. എന്താ ഫലം. പോയബുദ്ധി ആന വലിച്ചാലും പോരില്ല എന്നാണല്ലോ. തനിക്കും ഭാര്യയ്ക്കുമുള്ള കഞ്ഞിയുമായി മുറ്റത്തെത്തിയ അനിയത്തിമാരെ കണ്ടപ്പോൾ അയാളോർത്തു ഈ വീടിന്റെ നെടുംതൂണായിരിക്കേണ്ട എന്നെയും രോഗിയായ സുരജയെയും ചേർത്തുപിടിക്കാൻ ചുമടുതാങ്ങികളായി ഈ പെങ്ങന്മാർ ഇല്ലായിരുന്നെങ്കിൽ, അവരുടെ ഭർത്താക്കന്മാർ എന്റെ സുരജയെപ്പോലെ ഒന്നിനും സമ്മതിക്കാത്തവരായിരുന്നെങ്കിൽ, എന്താകുമായിരുന്നു മുന്നോട്ടുള്ള ജീവിതം ......?
Comments
Post a Comment