പ്രണയലേഖനം

പ്രണയലേഖന മത്സരം. ഫെബ്രുവരി 12, 2017

വിഷയം: "ഞാനും പ്രണയിച്ചിരുന്നു.."

പ്രിയനെ,

രാവേറെയായ് പെയ്തുകൂട്ടുന്ന ഈ രാമഴ, എന്റെ പ്രണയാതുരമായ മനസ്സിനെ തണുപ്പിക്കുന്നില്ലല്ലോ... പാതി തുറന്ന ഈ ജാലകത്തിലൂടെ കൂരിരുൾ ചിത്രം വരയ്ക്കുന്ന പുറത്തേക്ക് നോക്കി ഞാൻ കാത്തു നില്ക്കയാണ്... നീ വരുന്നതും കാത്ത്.
ഈ നില്പ് ഒരാവർത്തനമാണ്, പണ്ട് തുലാവർഷം ആർത്തലച്ചുപെയ്ത രാവിൽ ഇതുപോലെ ജാലകവാതിലിൽ മുഖമമർത്തി ഒരു ദാവണിക്കാരി നിന്നെയോർത്ത് നിന്നിരുന്നു.. മുനിഞ്ഞു കത്തുന്നമുട്ടവിളക്ക് അവളുടെ മുഖത്ത് ചുവന്ന വെളിച്ചം വിതറിയിരുന്നു... ജനലിലൂടതിക്രമിച്ചെത്തിയ കാറ്റടിയേറ്റ് അവളുടെ അളകങ്ങൾ നനഞ്ഞിരുന്നു...
അവൾ ഞാനായിരുന്നു.
അന്നത്തെ എന്റെ കാത്തുനില്പ്പിന്റെ കാരണവും നീതന്നെ.
ഭഗവതി അമ്പലത്തിന്റെ നടയ്ക്കൽ വച്ചാണു നിന്നെയാദ്യമായ് കണ്ടത്.
“കുട്ടീ ഒന്നു നില്ക്കൂ..” വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പിന്നിൽ നിന്റെ ചിരിക്കുന്ന മുഖം. “കുട്ടീടേ കയ്യിൽ നിന്നും വീണതാ” ഒരു അഞ്ച് രൂപാ നോട്ട് നീട്ടി നീ പറഞ്ഞു. ശരിയാണ് വഴിപാട് കഴിക്കാൻ കയ്യിൽ കരുതിയ അഞ്ചുരൂപ കാണുന്നില്ല. വേഗം വാങ്ങി, നന്ദിപോലും പറയാതെ വേഗം നടന്നു. ഞാനാകെ അമ്പരന്നു പോയിരുന്നു. വഴിപാട് കഴിച്ച്, അമ്പലം ചുറ്റി പുറത്തിറങ്ങി വേഗം വീട്ടിലേക്ക് നടന്നു.
“ഹേയ്.. ഈ ചിറ്റുള്ളിമന എവിടെയാണ്? ” ചോദ്യം കേട്ടപ്പോഴെ എനിക്കു മനസ്സിലായി അത് നീയാണെന്ന്. ഞാൻ പ്രതികരിച്ചില്ല. എന്റെ ഉള്ളിലൊരു ആളൽ. ചിറ്റുള്ളിമന എന്റെ വീട്ടുപേരാണ്. ഞാൻ വേഗത്തിൽ നടന്നു.
“ഈ കുട്ടിക്ക് ചെവികേൾക്കില്ലെന്ന് തോന്നുന്നു” കൂടെയുള്ള ആളോട് പറയുന്നത് കേട്ടു.
എന്തിനാവും ഇവർ എന്റെ വീട്ടിലേക്ക് വരുന്നത്? അച്ഛനെ കാണാനോ മറ്റോ ആവും.
“ചേട്ടാ ഈ ചിറ്റുള്ളിമന എവിടെയാ?” എതിരെ വന്ന മാധവൻ നായരോടാണു ചോദ്യം.
“ദാ.. ഈ കുട്ടീടെ പുറകെ പോയ്ക്കോ.. ചിറ്റുള്ളിമനയ്ക്കലെയാ”...
മാധവൻനായർ പറഞ്ഞതു കേട്ട് എന്റെ ചങ്കിടിപ്പുകൂടി.. കാലുകൾ തളരുന്നു. റോഡിനു ദൂരം കൂടിയപോലെ. ഒരു കണക്കിൽ വീട്ടിലെത്തി. അകത്തേക്കോടി.
നീയെന്നെ പെണ്ണുകാണാൻ വന്നതാണെന്ന് അപ്പോഴാണ് ഞാനറിയുന്നത്.
നിന്റെ മുഖം അന്നേ മനസ്സിൽ പതിഞ്ഞു. പിന്നീട് നാലഞ്ചുതവണ നാം തമ്മിൽ കണ്ടു. ഓരോ കൂടിക്കാഴ്ചകളും എന്റെ മനസ്സിന്റെ നിറമില്ലാത്ത ഇതളുകളിൽ നീ ഓരോ വർണ്ണങ്ങളായ് നിറയുകയായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓരോ നിമിഷവും നീയെന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു.
ഓരോ കൂടിക്കാഴ്ചകളിലും ഞാനൊരു കേൾവിക്കാരിമാത്രം.
എനിക്ക് നിന്നോട് പറയണമെന്നുണ്ട് ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...വെളുത്ത പഞ്ഞിക്കെട്ടുകൾ നിറഞ്ഞ ആകാശവും, മണൽത്തരികൾ ചുഴിയായ് ആഴ്ന്നുപോകുന്ന മണൽപ്പരപ്പുകളും മാത്രം സ്വപ്നം കണ്ടിരുന്ന ഞാൻ ഇപ്പോൾ നീയാകുന്ന രാജകുമാരനേയും, പൂക്കാലം വിരുന്നൊരുക്കുന്ന നമ്മുടെ ഉദ്യാനങ്ങളും സ്വപ്നം കാണാൻ തുടങ്ങിയെന്നും‘
ഞാൻ അത്ഭുതപ്പെട്ടുപോയ്.. എങ്ങനെ നീയെന്റെ മനസ്സിന്റെ കടിഞ്ഞാൺ കൈക്കലാക്കി... ഒരു അപ്പൂപ്പൻ താടിപോലെ എന്നെ പ്രണയ വിഹായസ്സിലേക്ക് പറത്തിവിട്ടു..!
നീയെനിക്ക് സമ്മാനിച്ച സ്നേഹാർദ്രമായ സായാഹ്നങ്ങളുടെ ഓർമ്മപോലും ഇത്രവർഷം കഴിഞ്ഞിട്ടും ഇഷ്ടഗാനത്തിന്റെ ഈണം പോലെ മനസ്സിനെ തരളിതമാക്കുന്നു.
പ്രിയനെ നിന്റെ ചെറിയ വിരഹംപോലും എനിക്ക് സഹിക്കാനാവില്ല.
ഓർക്കുന്നോ നീ.. വിവാഹം കഴിഞ്ഞ് നമ്മുടെ ആദ്യയാത്ര... മഴനനഞ്ഞ പ്രകൃതി എന്റെ മനസ്സിന്റെ പ്രതിഫലനമായിരുന്നോ! മഴതീർത്ത മതില്ക്കെട്ടു ഭേദിച്ച് അകലേക്ക് പായുന്ന തീവണ്ടി എന്നിൽ ഭയം വളർത്തി
ഒരു വീട്ടിൽ നിന്നും ഒരു രാത്രിപോലും മാറിനിന്നിട്ടില്ലാത്ത ഞാൻ ട്രെയിനിന്റെ ഉള്ളിൽ, പേടിച്ചരണ്ട ഒരു മടപ്രാവിനെപ്പോലെ ഇരുന്നത്. നിന്റെ കൈകളെന്റെ തോളിൽ ചുറ്റി ചേർത്തിരുത്തിയത്... നീയാകുന്ന കരുത്തിന്റെ കീഴിൽ ഞാനെത്ര സുരക്ഷിതയാണെന്ന് അന്നു ഞാനറിഞ്ഞു.
സ്വപ്നം പോലെ കടന്നുപോയി നാളുകൾ..
ജീവിത പരീക്ഷകളുടെ, ദുഃഖത്തിന്റെ, സഘർഷത്തിന്റെ നാളുകളിൽ തുണയായത് നമ്മുടെ പ്രണയം... എല്ലാത്തിനേയും അതിജീവിക്കാനുള്ള ഒരു കരുത്ത് അതുനമുക്ക് പകർന്നുതന്നു.
പ്രിയനെ, ഒരു ചെറുയാത്രയുടെ ആലസ്യത്തിലാവും നീ.. ഈ കത്തു വായിക്കുമ്പോൾ അത്ഭുതപ്പെട്ടേക്കാം... രണ്ടു ദിവസം കഴിഞ്ഞ് നീയെത്തുമെന്നറിയാം, എങ്കിലും ഈ രാമഴയിൽ കണ്ണുനട്ടിരിക്കുമ്പോൾ എന്തെന്ത് ഓർമ്മകളാണെന്നോ എന്നെ തഴുകുന്നത്... ഈവരികൾ ഞാൻ നിനക്കായ് കുറിക്കട്ടെ...
എന്റെ മനസ്സിലൊരു പ്രണയനദി ഒഴുകുന്നുണ്ട്, നീയാകുന്ന കടലിനെ പുണരാൻ വെമ്പുന്ന ഒരു പാവം നദി.
എന്ന് നിന്റെ പ്രിയ.

Comments

Popular posts from this blog

മായാലോകത്തെ രാജകുമാരി

വേനൽക്കിനാവ്

വർണ്ണസ്വപ്നം