ഒരു പെണ്ണുകാണൽ
ഒരു പെണ്ണുകാണൽ
"എടാ മോന,നീയൊന്നെണീറ്റെ. ഇന്നാ കാർത്തുവല്യമ്മേടെ മോനിങ്ങോട്ടു വരും." ശാരദാമ്മേടെ വിളികേട്ടാണ് രാജേഷ് ഉണർന്നത്. ഗൾഫിലാണ് ജോലി. ലീവിൽ വന്നാൽ പതിവാണ് ഉച്ചവരെ ഈ ഉറക്കം. കണ്ണും തിരുമ്മി എണീറ്റിരുന്ന് അയാൾ പറഞ്ഞു,
"ശഖരേട്ടനല്ലേ. വരട്ടെ. ഞാനൊന്നു കാണാനിരിക്കയായിരുന്നു അല്ലേലും" അയാൾ എണീറ്റു.
അതെന്തിനാണാണാവോ. അവർ ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി.
"'അമ്മ ആ തോർത്തിങ്ങെടുത്തേ. ഞാനൊന്നു കുളിച്ചുവരട്ടെ . എന്നിട്ടെല്ലാം പറയാം."
ഈ ലീവ് തീരും മുന്നെ എവിടെയെങ്കിലും നിനക്കിഷ്ടമുള്ള ഒരുത്തിയെ കണ്ടുവച്ചിട്ട് വിട്ടാമതീന്നാ അവന്റെ പറച്ചില്. തോർത്ത് നീട്ടിക്കൊണ്ടമ്മ പറഞ്ഞത് അവന്റെ ഉള്ളിലൊരു കുളിരുപായിച്ചു. ഇതെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്നു. കാര്യം എളുപ്പായി.
തല തുവർത്തിക്കൊണ്ടുമ്മറത്തേക്കു വന്ന രാജേഷ് കണ്ടത് അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശേഖരേട്ടനെയാണ്. ശേഖരേട്ടന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ടയാൾ ചോദിച്ചു, " ഞാൻ പറയാതെ എന്റെ മനസ്സെങ്ങനെ അറിഞ്ഞു ശേഖരേട്ടാ." വല്യച്ഛനും വല്യമ്മയ്ക്കും സുഖല്ലേ എന്നൊരു ചോദ്യവും ചേർത്തു പുറകെ.
"ഈ ശേഖരേട്ടൻ ആരാ മോൻ" എന്ന് ചോദിച്ചുകൊണ്ട് രണ്ടാളും പരസ്പരം വിശേഷങ്ങൾ കൈമാറി. നീയിവിടെയിരിക്ക്. ഒന്നൊന്നര വർഷായില്ലേ പോയിട്ട്. എന്തൊക്കെയാ വിശേഷങ്ങൾ കേക്കട്ടെ. അയാളുടെ ഗൾഫ് വിശേഷങ്ങളിൽ മുഴുകിയിരുന്നു ശേഖരൻ.
ആ വിശേഷങ്ങൾക്ക് തൽക്കാലം തിരശ്ശീലതാഴ്ത്തി ശാരദാമ്മ അവരെ അന്നത്തെ കർമ്മത്തിലേക്കു വലിച്ചിഴച്ചു.. പോകുന്ന വഴിയിൽ ബാക്കി പറയാല്ലോ. ഇതങ്ങു കഴിച്ചു രണ്ടാളും പുറപ്പെട്ടെ നേരം കളയാതെ. ഇപ്പത്തന്നെ ഉച്ചയായി" തിരുവായ്ക്കു മറുവായില്ലാതെ അവരതനുസരിച്ചു.
റോഡിലിറങ്ങി മൂത്തകുന്നം ജങ്ഷനിൽ എത്താറായപ്പോൾ ശേഖരേട്ടന്റെ ചോദ്യം. "ആട്ടെ ഏതു നാട്ടീന്നാ നിനക്ക് പെണ്ണു വേണ്ടത്. എന്തൊക്കെയാ നിന്റെ ഡിമാൻഡ്. അതുകേക്കട്ടെ ആദ്യം "
"നാടേതായാലും തരക്കേടില്ല. എന്നുവെച്ചു ഒരുപാടങ്ങു ദൂരത്തുന്നും വേണ്ടാതാനും. കുട്ടി കാണാൻ കുറച്ചു നന്നായിരിക്കണം."
"അത്രേയുള്ളൂ? എന്നാ നമുക്ക് കൊടുങ്ങല്ലൂർവരെ ഒന്ന് പോകാം ഇന്ന്. എനിക്കറിയാവുന്ന ഒരു വീട്ടിലെ കുട്ടിയുണ്ട്. വളരെ ചെറുപ്പത്തിൽ കണ്ടതാ. നല്ല ഐശ്വര്യമുള്ള കുട്ടിയായിരുന്നു. നിനക്കെന്തായാലും ഇഷ്ടപ്പെടുന്നാ എന്റെ വിശ്വാസം. ഇല്ല്യാച്ചാ നാളെ വേറൊരിടത്തേക്കു കൊണ്ടോവാം"
നേരെ വന്ന ഒരു ഓട്ടോക്ക് കൈകാണിച്ചു രണ്ടാളും കേറി. ഒരു അരമണിക്കൂർ നേരം കൊണ്ട് അമ്പലനടയ്ക്കലെത്തിച്ചു ആ ഓട്ടോക്കാരൻ.
അതീന്നിറങ്ങി രണ്ടാളും ആദ്യത്തെ വളവിലേക്കു തിരിഞ്ഞു നടന്നു. ഒരു പെൺകുട്ടി തനിച്ചു പോകുന്നുണ്ടായിരുന്നു. ചേട്ടനും അനിയനും ഒരു തമാശ. ആ കുട്ടിയെ കളിയാക്കിക്കൊണ്ടു പിന്നാലെ നടന്നു. ഒന്നുരണ്ടു പ്രാവശ്യം അവൾ തിരിഞ്ഞു നോക്കി കണ്ണുരുട്ടി കാണിച്ചു. അത്രേം പോന്ന മകളുണ്ട് ശേഖരന്. എന്നിട്ടും അയാൾ രാജേഷിനോടൊപ്പം ആ കുട്ടിയെ കളിയാക്കാൻ കൂടി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു നാലുംകൂടിയ വഴി കണ്ടു. ഒരു പാട് നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്. ഇത്തിരി തപ്പലുണ്ട്. ഇതാണ് കവലയെന്നറിയാം. വീട് ശരിക്കു നിശ്ചയില്ല. ശേഖരന്റെ ആത്മഗതം. "വിജനമായ റോഡ്. കൊഴങ്ങിയോ...ആരോടാപ്പൊ ന്നു ചോദിക്ക്യാ. ഈ കാന്താരിയോട് ചോദിച്ചാൽ ഉത്തരം പറയുമോ ആവോ. എന്തായാലും ചോദിക്ക്യന്നെ".
വളരെ മര്യാദ കലർന്ന മൊഴിയിൽ ശേഖരൻ ചോദിച്ചു, കുഞ്ഞേ, ഇവിടെ അടുത്തൊരു രാഘവനാശാന്റെ വീടറിയോ. അവൾ ഞെട്ടി. ഇവിടെ അടുത്തുള്ള ഒരു രാഘവനാശാന്റെ മോളാണല്ലോ താൻ. ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ആളുകളാ. എന്താണാവോ ആവശ്യം. ആത്മഗതത്തിൽനിന്നുണർന്നു അവൾ പറഞ്ഞു, "എനിക്ക് ഒരു രാഘവനാശാനെ അറിയാം. നിങ്ങൾക്കേതു രാഘവനാശാനെയാണോ കാണേണ്ടതെന്ന് ഞാനെങ്ങനെ അറിയും?".
ഉടനെ ശേഖരൻ ചാടിക്കയറി പറഞ്ഞു, "ആ ലക്ഷ്മിക്കുട്ടി ടീച്ചറുടെ ഭർത്താവ്". അവൾക്കു ഉറപ്പായി. തന്റെ വീടുതന്നെ ഇവർ തിരക്കുന്നത്. "ങാ ...ഇപ്പൊ മനസ്സിലായി. എനിക്കറിയാം അവരെ. എന്റെ കൂടെ പോരെ. ഞാൻ നിങ്ങളെ അവിടെ ആക്കാം." ശേഖരനാശ്വാസം.
ശേഖരനോടൊപ്പം രാജേഷും മര്യാദരാമനായി.
"കുട്ടീടെ പേരെന്താ?"
" രമാദേവി."
"എവിടെ പോയതാ ഈ ഉച്ചനേരത്ത്?"
"അതൊക്കെ നിങ്ങളറിയുന്നതെന്തിനാ ഇപ്പൊ". അവൾ മറുചോദ്യം ചോദിച്ചു. രാജേഷിനു ആ ചോദ്യം ഇഷ്ടപ്പെട്ടു. അയാൾ പിന്നെയും കിന്നാരങ്ങൾ ചോദിച്ചു. അവളുടെ കുസൃതി നിറഞ്ഞ തർക്കുത്തരം കേൾക്കാൻ. അടിമുടി അവളെ ഒന്ന് കണ്ണുകൊണ്ടുഴിഞ്ഞു. അയാൾ ഓർത്തു. കൂടെ ജീവിക്കാൻ ഒരു പെണ്ണിനെ ഓർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയുന്ന അതെ കുട്ടിയുടെ രൂപം. പതുക്കെ പതുക്കെ ആ കുട്ടി അയാളുടെ ഹൃദയത്തിലേക്കു കടക്കുമ്പോഴേക്കും അവൾ ഒരു പടിപ്പുര ചൂണ്ടിക്കാണിച്ചുകൊണ്ട്, " ദേ ഇതാണ് നിങ്ങൾ അന്വേഷിക്കുന്ന വീട് എന്ന് പറഞ്ഞു". അപ്പോൾ രാജേഷിന്റെ മുഖം മഴക്കാറുകൊണ്ട് നിറയുകയായിരുന്നു.
രമേടെ വീടെവിടെയാ. അയാൾ അറിയാതെ ചോദിച്ചുപോയി. ഇതിന്റെ പിന്നിലാ എന്ന് പറഞ്ഞു അവളാ പടിപ്പുര കടന്നു പിന്നാമ്പുറത്തേക്കു പോയി. അവരാ വീട്ടിലേക്കും.
ഊണും കഴിഞ്ഞു വെറ്റിലച്ചെല്ലവുമായി പൂമുഖത്തേക്കു കടന്നുവന്ന കല്യാണിയമ്മ വിരുന്നുകാരെ കണ്ട് , "അല്ല ഇതാരാ ശേഖരനോ. ഈ വഴിയൊക്കെ നിനക്കു നിശ്ചയൊണ്ടോ ശേഖരാ. ഒരുപാടായല്ലോ കണ്ടിട്ട്? ആരാ കൂടെ മനസ്സിലായില്ല?. കേറിയിരിയ്ക്കൂ രണ്ടാളും . ഉമേ ..., പുതുമനേലേ ശേഖരൻ ഒരാളേംകൂട്ടി വന്നിരിക്കണു" എന്നുപറഞ്ഞു അവർ അകത്തേക്ക് പോയി ഉമയേം കൂട്ടി വന്നു. ശേഖരൻ അവരെ വിളിച്ചോണ്ട് അകത്തേക്ക് കടന്നു കാര്യം അവതരിപ്പിച്ചു. രാജേഷ് ഇവിടെത്തെ ചടങ്ങൊന്നു കഴിഞ്ഞു കിട്ടാൻ അക്ഷമയോടെ കാത്തിരുന്നു. അയാളുടെ മനസ്സു നിറയെ ആ കുസൃതിയ്ക്കുട്ടിയായിരുന്നു. ഇത് കഴിഞ്ഞൊന്നു ആ വീട്ടിലേക്കു ചെല്ലണം. എന്ന് വിചാരിച്ചിരിക്കുമ്പോൾ ശേഖരൻ മടങ്ങിയെത്തി അയാളുടെ അരികിലിരുന്നു.
ഈ സമയം രമയോട് ചായ കൊണ്ടുവന്നു കൊടുക്കാൻ പറഞ്ഞിട്ട് കേൾക്കാതെ അമ്മതന്നെ ചായയുമായി വന്നു. "അവൾക്കൊരു മടി പുറത്തേക്കു വരാൻ ഇപ്പോഴത്തെ കുട്ടികളല്ലേ. പഠിക്കണമത്രേ" അത് കേട്ട് കല്യാണിയമ്മ അവരോടായി പറഞ്ഞു, "ഇത്ര കാണാനൊന്നൂല്യ. ഇപ്പൊ നിങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നില്ലേ. അവളാ കുട്ടി". കേക്കണ്ട താമസം രാജേഷിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. വേണ്ട...പുറത്തേക്കു വരണ്ടാ. ഞാൻ അകത്തേക്ക് വന്നോളാം എന്നു പറഞ്ഞതും അകത്തേക്കു കടന്നതും ഒരുമിച്ചായിരുന്നു.
രമ അത്രയ്ക്കങ്ങോട്ടു വിചാരിച്ചില്ല. വഴിയിലൂടെ എന്തൊക്കെ തർക്കുത്തരങ്ങളാ പറഞ്ഞത്. ഒന്നും വേണ്ടായിരുന്നു. അയാൾ തന്നെ പെണ്ണുകാണാൻ വന്നതാണെന്നറിഞ്ഞപ്പോൾ അവൾക്കൊരു വിറയൽ. അവളുടെ അരികിൽ ചേർന്നുനിന്ന് അയാൾ ഒരുപാടു സംസാരിച്ചു. അവൾ പഴയ പല്ലവി അയാളോടും പറഞ്ഞു, "എനിക്കിപ്പോ വിവാഹം വേണ്ടാ. ഇനിയും പഠിക്കണം. മുഖമുയർത്താതെ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"അത്രേയുള്ളൂ. ഇപ്പൊ വേണ്ടാ വിവാഹം. അടുത്ത ലീവിന് ആകാം. പിന്നെ ബാക്കി ഞാൻ പഠിപ്പിച്ചോളാം. അതുപോരെ" അവൾക്കു സമ്മതം. മൗനമൊഴിയാൽ മിഴിയിൽ പറഞ്ഞു ആ സമ്മതം.
രമേടെ അച്ഛൻ വരട്ടെ. ഞങ്ങൾ തീരുമാനിച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞു ഉമാ അകത്തേക്ക് വന്നു. രാജേഷ് പുറത്തേക്കും. ആയിക്കോട്ടെ എന്ന് പറഞ്ഞവർ ഇറങ്ങി. മെയിൻ റോഡിലേക്ക് നടക്കുമ്പോൾ രാജേഷിന്റെ മനസ്സിൽ ആദ്യരാത്രിവരെ ഒരു ടെലിഫിലിം ഓടുകയായിരുന്നു. പോകുന്ന വീഥികളിൽ രണ്ടറ്റവും പാരിജാതം പൂത്തുലഞ്ഞ സൗരഭ്യവും.
അസ്സലായി പെണ്ണുകാണൽ. ചിലതങ്ങനാ. തലേലെഴുത്തെന്ന് പറയണപോലെ കാര്യങ്ങൾ അച്ചെട്ടായിരിക്കും.
ReplyDeleteനടക്കേണ്ടത് മാത്രം നടക്കും.
ആശംസകൾ ....
ഇതാണ് നിമിത്തം എന്നൊക്കെ പറയുന്നത്. ആദ്യം കാണുന്ന കുട്ടിയെ തന്നെ ഇഷ്ടപ്പെടുക , വിവാഹം കഴിക്കുക അതൊക്കെ ഒരു ഭാഗ്യമാണ്
ReplyDelete
ReplyDeleteവൈദ്യൻ വിധിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല്.
നന്നായിട്ടുണ്ട് പെണ്ണുക്കാണൽ കഥ .
ആശംസകൾ
തേടിയ വള്ളി റോഡിൽ വച്ചു തന്നെ ദേഹത്തു ചുറ്റി.
ReplyDeleteഅല്ലെങ്കിലും വരാൻ ഉള്ളത് വഴിയിൽ നിന്ന് കൂടെ കിട്ടും...
ReplyDeleteഇഷ്ടമായി ട്ടോ
എന്തായാലും ആഗ്രഹിച്ചതു പോലെ ഒരാളെത്തന്നെ കിട്ടിയല്ലോ..അതാണ് യോഗം.. ഒരു കഥ വായിച്ചപോലെ.. അല്ലെങ്കിലും ജീവിതമല്ലേ കഥയായി മാറുന്നത്.. നന്നായി എഴുതി.
ReplyDeleteഇതുപോലെയൊക്കെ ആയാൽ നല്ലതാ... കേൾക്കാനും രസമുണ്ട്. ഇതിലെ യാഥാർഥ്യം ആപ്പോഴും എനിക്ക് പേടിയാണ്..😅😅. എല്ലാം ഓകെ ആണെങ്കിൽ അടിപൊളി പെണ്ണ് കാണൽ...😍
ReplyDeleteഗ്രാമീണത തുളുമ്പുന്ന ചടങ്ങ്..
മനസ്ദ് നിറഞ്ഞു... രാജേഷിനെപ്പോലെ ഞങ്ങളുടെയും....
ReplyDeleteമനസ്സ് എന്ന് തിരുത്തി വായിക്കണം...
Deleteഒരു ദിലീപ് സിനിമ കാണുന്ന ഫീൽ...
ReplyDeleteപെരുവഴിയിലെ പെണ്ണുകാണൽ നന്നായി!
ReplyDeleteനല്ല പെണ്ണുകാണൽ . നല്ല രസമായി
ReplyDeleteവരാനുള്ളത് വഴിയിലും തങ്ങും ...!
ReplyDeleteആശംസകൾ നേരുന്നു...
ReplyDeleteകല്യാണം കേമമാവട്ടെ..
വിളിക്കാൻ മറക്കരുത്..ഒരു സദ്യ ഉണ്ണാൻ മോഹമുണ്ട്...
എഴുത്തുകൾ തുടരുക...