ഇളംതെന്നൽ

ഇളംതെന്നൽ 

സ്വപ്നലോകത്തിന്റെ വാതായനങ്ങൾ മെല്ലെ തുറന്നവനകത്തേക്കു കയറി. ഏകാന്തതയിൽ അവൻറെ ഹോബിയാണത്. ഭാവന കൊടികെട്ടി വാനിൽ പറന്നു. പ്രപഞ്ചസൗന്ദര്യം വാക്കുകൾക്കപ്പുറം വർണ്ണനാതീതം. വാകയും രാജമല്ലിയും പൂത്തുലഞ്ഞിടകലർന്നു നിൽക്കുന്ന സന്ധ്യ. സന്ധ്യാംബര ത്തിന്റെ മൗനംപോലും മനോഹരം. പകൽക്കിനാവിൽ രാജകുമാരനെ പ്പോലെ അവൻ ആ സന്ധ്യയിൽ ഇറങ്ങിനടന്നു. വൈരമുത്തുകൾപോലെ മഞ്ഞുതുള്ളികൾ രജമല്ലിപ്പൂക്കളിൽനിന്നടർന്നുവീണുകൊണ്ടിരിക്കുന്നു. ഉള്ളത്തിലാകെ തേൻമാരിതൂകിയ കുളിർ. അമ്പരമാകെ ഇരുട്ട് കയറാൻ തുടങ്ങവേ നിലാവുദിച്ചു. പെട്ടെന്ന് അവന്റെ സ്വപ്നകന്യകയുടെ കാൽകൊലു സ്സിളകുന്ന ശബ്ദം. അകക്കാമ്പിൽ ആരോരുമറിയാതെ സൂക്ഷിച്ച ദാരുശില്പം അവന്റെ മുന്നിലൂടെ നടന്നകലുന്നു. നിലാവിന്റെ നിഴലിൽ മഴവില്ലഴകുള്ള പാവാടയും നീണ്ട ബ്ലൗസുമിട്ട ഒരു സുന്ദരരൂപം മിന്നായംപോലെ അവൻ കണ്ടു. പൂനിലാവെട്ടത്തിൽ കാറ്റിലിളകിയാടും മുടിയിഴകൾ മാടിയൊതുക്കി അവളൊന്നു തിരിഞ്ഞു നോക്കി. തൊണ്ടിപ്പഴച്ചേലുള്ള അവളുടെ അധരത്തി ൽ കള്ളച്ചിരിയൂറി. അവനോർത്തു ജഗദീശ്വരന്റെ ചാരുതയാർന്നതാം സൃഷ്ടി. മനസ്സ് മന്ത്രിച്ചു. ഇവളാര്...സുരസുന്ദരിയോ...?? അവന്റെ ഉള്ളം കോരിത്തരിച്ചു. അവൾ തന്നെ മാടിവിളിക്കുന്നതായി അവനു തോന്നി. അവനാവേശമായി അവളുടെ ചാരത്തെത്താൻ. മിഴി തുറന്നാരൊന്നു കാണുകിലും അഭിലാഷമേറിടുന്ന ചാരുരൂപത്തിന്റെ തൊട്ടരികിൽ അവൻ. അവന്റെ മനസ്സ് മൊഴിഞ്ഞു. നില്ക്കൂ ശാന്തശാലീനതേ. എന്റെ കനവുകൾക്ക് നിത്യകാന്തിയേകും നീയാര്? നിന്റെ വശ്യസൗന്ദര്യം എന്റെ ഹൃദയം പാനംചെയ്യും സോമരസമായി മാറിയല്ലോ പ്രിയതേ.

അവൾ പിന്നെയും നടന്നു നീങ്ങി. അവനും അവളെ പിന്തുടർന്നു മുന്നോട്ട്. അവിടെ ഒരു മനോഹരസൗധം. ചന്ദനക്കൽപ്പടവുകൾതാണ്ടി അവൾ അതിന്റെ ഉള്ളിൽക്കടന്നു. പിന്നാലെ അവനും. ചന്ദത്തടികളാൽ നിർമ്മിച്ച ചുവരുകളും അതിന്റെ മാസ്മരഗന്ധവും അവന്റെ മനംമയക്കാൻപോന്ന തായിരുന്നു. മനോഹരമായ കൊത്തുപണികൾ ചെയ്ത ജനൽപാളികൾ മെല്ലെ തുറന്നിട്ട് അവിടെ തൂക്കിയിട്ടിരുന്ന ആട്ടുകട്ടിലിൽ ഉപസ്ഥിതയായി, തുറന്നിട്ട ആ ജാലകത്തിലൂടെ അനന്തവിഹായസ്സിലേക്കു കണ്ണും നട്ടിരിക്കുന്ന ഇവളാര്. അപ്സരസ്സോ!. അവന്റെ ആത്മഗതം. അവളുടെ നെറ്റിയിലും കവിൾത്തടങ്ങ ളിലും അനുസരണയില്ലാതെ വീണുകിടന്ന മുടിയിഴകളെ തഴുകിത്താലോ ലിക്കുന്ന ഇളംതെന്നലിനോട് അവനുവല്ലാത്ത അസൂയ തോന്നി. അവൻ ചാരത്തെത്തി. അവളുടെ കൈകവർന്നു. ഇടതൂർന്നു വളർന്ന അവളുടെ ചുരുൾമുടിയിഴകളിൽ അവന്റെ കൈവിരൽസ്പർശനത്തിൻറെ സുഖസുഷുപ്തിയിൽ അവൾ ലയിച്ചു. അവന്റെ കരലാളനകളിൽ തനുതളർന്നവൾ ആ തോളിലേക്കു പതുക്കെ ചാഞ്ഞു. പിന്നെ രണ്ടാളും കൈകോർത്തു സ്വപ്നച്ചിറകുകൾ വിരിച്ച് ജനാലയിലൂടെ ആകാശത്തേക്ക് പറന്നു. അവനെ നോക്കി കൊതിപ്പിച്ചുകൊണ്ടിരുന്ന ആ ഇളംതെന്നലിൻറെ സ്വർഗ്ഗപാരിജാതസുഗന്ധം അവിടെയും അവരെ പിന്തുടരുന്നുണ്ടായിരുന്നു. അവളുടെ മനം കട്ടെടുക്കാൻ വികൃതിയുമായി നടക്കുന്ന ഇളകാറ്റിനോട് അവൻ വല്ലാതെ നീരസം.

മേഘവൃന്ദങ്ങളുടെ മറയിൽ അവർ ഒളിച്ചുകളിച്ചു. ആകാശപ്പന്തലിൽ മിന്നുന്ന സ്വർണ്ണനക്ഷത്രങ്ങളുടെനേരെ അവൾ കൈനീട്ടി. അവൻ അവളെ കോരിയെടുത്തുനിന്നു. കൈയെത്തും ദൂരംവരെയുള്ള നക്ഷത്രങ്ങൾ ഓരോന്നായി അവൾ അടർത്തിയെടുത്തു. പെട്ടെന്നാണ് കാർമേഘങ്ങൾ ഉരുണ്ടുകൂടിയതും തമ്മിൽ കലഹിച്ചതും മഴയായ്‌ പൊഴിഞ്ഞതും. ആകെ നനഞ്ഞുകുളിച്ചു. ഉടയാടകൾ തനുവിലൊട്ടി. മിന്നലും ഇടിയും അവളുടെ ഇളമനസ്സിനെ പേടിപ്പെടുത്തിയപ്പോൾ അവനെ കെട്ടിപ്പുണർന്നുകൊണ്ട് അവൾ മൊഴിഞ്ഞു. "മതി. തിരിച്ചുപോകാം". മുത്തുമണികൾ പൊഴിയുന്നതു പോലെയുള്ള അവളുടെ മൊഴിക്ക് മറുമൊഴിയേകി, "ഭയപ്പെടേണ്ടാ, കൂടെ ഞാനില്ലേ പ്രിയേ". ഭയപ്പാടൊഴിയാതെ ആ മുഖം വാടുമെന്നായപ്പോൾ അവൻ അവളെയുംകൂട്ടി താഴേക്കു പറന്നു. ആഴക്കടലിൽ നീന്തിത്തുടിച്ചു. മത്സ്യകന്യകയെപ്പോലെ ജലസസ്യങ്ങളുടെയിടയിലേക്കവൾ ചെന്നു. അവിടെ കൽപ്പുറ്റുകളിൽ ഒട്ടിപ്പിടിച്ചിരുന്ന ചിപ്പികളും പവിഴങ്ങളും കണ്ടാസ്വദിക്കാൻ അവനും അടുത്തേക്കു ചെന്നു. അടുത്തുള്ള വനാന്തരത്തിലേക്കവർ ആകർഷിതരായി. അവിടെ കാട്ടുമൃഗങ്ങളോടൊത്തു മേഞ്ഞുനടന്ന് അവർ ഉല്ലസിച്ചു. കാട്ടാമയും പുള്ളിമാനും മൈനയും മുയലും പഞ്ചവർണ്ണക്കിളിയും അവൾക്കു കൂട്ടുകാരായി. ഇളകിയാടുന്ന പാവാടയോടു കൊഞ്ചുന്ന കൊലുസുകളുമായി അവൾ ആ കൂട്ടുകാരോടൊപ്പം ആടിപ്പാടിനടക്കുന്നത് അവൻ കണ്ടാസ്വദിച്ചു. വിശന്നപ്പോൾ അവനവൾക്കു പഴങ്ങൾ പറിച്ചു കൊടുത്തു. അവനവളെയും അവളവനെയും പഴങ്ങൾ ഊട്ടി. രണ്ടാളും വിശപ്പടക്കി.

അലസമായി നടന്നടുക്കുന്ന കാട്ടാനയെ ചൂണ്ടിക്കാട്ടി അവൾ കൊഞ്ചി. "ആനപ്പുറത്തുകേറണം." അവനവളെ ആനപ്പുറത്തു കയറ്റി. മതിവരുവോളം ചേർന്നിരുന്നു സവാരിചെയ്തു. അപ്പോഴതാ കുതിരക്കുളമ്പടിശ്ശബ്‌ദം. അവളുടനെ അതിനെ ചൂണ്ടി പറഞ്ഞു, "രാജകുമാരിയും രാജകുമാരനുമായി കുതിരപ്പുറത്തു സവാരിചെയ്യാം". അവൻ അതനുസരിച്ചു. അവളുടെ കണ്ണിലെ കുസൃതിയൂറിയ നോട്ടവും ചെറിയചെറിയ ശാഠ്യങ്ങളും അവനിഷ്ടമായി. അവനതിൽ ആനന്ദം കണ്ടെത്തി. പെട്ടെന്നവൾ പറഞ്ഞു. "മതി. ദാഹിക്കുന്നു." കാറ്റിലിളകും പട്ടുടയാടകൾ ഒതുക്കിപ്പിടിച്ചവനിറങ്ങി. അവളെയും എടുത്തിറക്കി. പിന്നെ, കാട്ടരുവിയിൽ പറന്നിറങ്ങി ദാഹമകറ്റി. വീണ്ടും ചിറകടിച്ചു പറന്നുയർന്നു. ആകാശത്താഴ്വരയിലെ മേഘക്കുന്നുകളിൽ ഒളിച്ചുകളിക്കാൻ. പൊന്നിൻകങ്കണം കൊഞ്ചുന്ന കൈകൾകൊണ്ട് അവൾ ആകാംക്ഷയോടെ നക്ഷത്രക്കുഞ്ഞുങ്ങളെ വാരിക്കൂട്ടുമ്പോൾ അവളുടെ അഴിഞ്ഞുലഞ്ഞിടതൂർന്ന മുടിയിഴകൾ ഇളംതെന്നൽ ഓമനിക്കുന്നത് അവൻ നോക്കിരസിച്ചു. നിലാക്കൊമ്പിൽ ഒരു ഊഞ്ഞാലകെട്ടി ആലോലമാടിക്കളിച്ചു രണ്ടുപേരും. ചില്ലാട്ടത്തിനായി അവൾ വാശിപിടിച്ചു. അവനിറങ്ങി അവളെ ആക്കത്തോടെ ആട്ടിക്കൊടുത്തുകൊണ്ടേയിരുന്നു. കൊലുസ്സിലെ തങ്കത്തോരണങ്ങൾ ഇളകിയാടുന്ന കാലുകൾ നീട്ടി അവൾ മേഘക്കുഞ്ഞു ങ്ങളെ വിരലുകളാൽ തൊട്ടു ചില്ലാട്ടത്തിൻറെ തൃപ്തിയടഞ്ഞു. കണ്ണു തിളങ്ങി കവിൾതുടുത്ത മനോഹരിയുടെ ചെഞ്ചുണ്ടുകളിൽ പൂത്തിരിപോലൊരു പുഞ്ചിരി തെളിഞ്ഞു. ആ ചിരിയുടെ മാധുര്യം നുണഞ്ഞ് പൂർണ്ണനിലാവിന്റെ മടിയിലെ പൂമണിമെത്തയിൽ രാക്കിളിത്താരാട്ടിന്റെ ഈണം കേട്ട് അവർ പരസ്പരം കെട്ടിപ്പുണർന്നുറങ്ങി. ഒരിക്കലും പിരിയാനാവാത്ത രണ്ടിണക്കുരു വികളെപ്പോലെ പറ്റിച്ചേർന്നു കിടന്ന് ഒന്നിച്ചുറങ്ങുന്ന ആ ഉറക്കത്തിൽ ആലിംഗനബദ്ധരായി ആനന്ദസാഗരത്തിലാറാടി ചിറകുവച്ച രണ്ടു മാലാഖകളെപ്പോലെ അനന്തവിഹായസ്സിലേക്കു പറന്നുപറന്നുയരവേ ഇരുവരുടെയും മുടിയിഴകളെ തഴുകി ആ ഇളംതെന്നൽ അവരെ സ്വർഗ്ഗവസന്തത്തിലേക്കു നയിച്ചു.

പാതിതുറന്ന ജനൽപാളിയിലൂടെ സൂര്യോദയപ്രഭ അവന്റെ കൺപോളകളെ തൊട്ടുണർത്തി. പകൽക്കിനാവിന്റെ മാധുര്യം ചോർത്തിയ ആ സൂര്യരശ്മികളോട് ആദ്യമായി അവന് അരിശംതോന്നി. അവനെണീറ്റു പുറത്തേക്കു നോക്കി. സന്ധ്യാംബരത്തിന്റെ ചെമന്നരേണുക്കൾ പ്രകൃതിക്കു പുതിയ പട്ടു തുന്നിയിടുന്നതേയുള്ളുവല്ലോ. രജനി ഇതുവരെ ഇരുൾപ്പുതപ്പുമാ യെത്തിയില്ലേ. അപ്പോൾ പിന്നെ താനുറങ്ങിയില്ലേ. അവനോർത്തു, അല്ലെങ്കിലും ഈ ഭാവനാലോകത്തോളം സന്തോഷം നൽകുന്ന മറ്റെന്തുണ്ട് ഈ ഭൂയിൽ? ആധിയില്ല, വ്യാധിയല്ല, കണ്ണുനീരിന്റെ നനവുകളില്ലാത്ത ലോകം. അസൂയയില്ല, വൈരാഗ്യമില്ല, വിലക്കുകളില്ല, ആരുടേയും നോട്ടമില്ല, തടസ്സമില്ല, അപവാദമില്ല, അപമാനമില്ല, ആക്ഷേപമില്ല, അങ്ങനെയങ്ങനെ അപകർഷതകളെ തീണ്ടാത്ത മുഴുവൻ സന്തോഷവും വേറെ എവിടുന്നു ലഭിക്കാൻ? ഒറ്റപ്പൈസയുടെ ചെലവുപോലുമില്ലാതെ ഇത്രയും സന്തോഷങ്ങൾ വാരിക്കോരി നൽകുന്ന മറ്റെന്തെങ്കിലുമുണ്ടോ ഈ ജഗത്തിൽ? ഭാവനയുടെ ചിറകുകൾക്കുള്ളിൽ നാം സുരക്ഷിതരാണ്. അപകടങ്ങളില്ല, പോരില്ല, മത്സരമില്ല, കൊല്ലുംകൊലയുമില്ല, ചതിവോ വഞ്ചനയോ വാക്കുതർക്കമോ ഒന്നമില്ലാത്ത ലോകം. കോരിത്തരിപ്പിക്കുന്ന അപ്സരസ്സുകളുടെ നൃത്തവും പാരിജാതസുഗന്ധവും മനംമയക്കുന്ന സോമരസവും എല്ലാമെല്ലാമുള്ള സുഖസന്തോഷങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന, ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും സന്തോഷകരമായ അനുഭൂതിദായകമായ സ്വർഗ്ഗമാണ് ഭാവനാലോകം.



Comments

Popular posts from this blog

മായാലോകത്തെ രാജകുമാരി

വേനൽക്കിനാവ്

വർണ്ണസ്വപ്നം