വിഷുക്കണിയും കർണ്ണികാരപ്പൂക്കളും
വിഷുക്കണിയും കർണ്ണികാരപ്പൂക്കളും
സ്വന്തം പേരിലെ കൃഷ്ണയോടുള്ള ഇഷ്ടം മെല്ലെ മെല്ലെ അവളെ ഒരു തികഞ്ഞ കൃഷ്ണഭക്തയാക്കി. മുടങ്ങാത്ത കൃഷ്ണക്ഷേത്രദർശനവും അവളുടെ അകമഴിഞ്ഞ കൃഷ്ണഭക്തിയും കണ്ട് പള്ളിക്കൂടത്തിൽ കുട്ടികൾ അവളെ "രാധയോ ..,മീരയോ ..,ആരു നീ കൃഷ്ണേ ? " എന്നു പറഞ്ഞു കളിയാക്കാൻതുടങ്ങി.
മേടമാസക്കാലം വന്നാൽ ആണ്ടുപിറപ്പിന് വാരസ്യാരുടെ വീട്ടിൽ കൃഷ്ണവിഗ്രഹം വച്ച് കണികാണുന്ന വിശേഷ നാളിൽ കോതയ്ക്കും കൃഷ്ണയ്ക്കും ഓരോ മുണ്ടും കൈനീട്ടവും സദ്യയും പതിവായിരുന്നു. കൃഷ്ണയ്ക്ക് പത്തു വയസ്സു തികയുന്ന അന്ന് വാരസ്യാര് മുണ്ടും കൈനീട്ടവും പലതരം പലഹാരങ്ങളുമായി കോതയുടെ കൈയിൽ കൊടുത്തയച്ചതിൽ വെണ്ണക്കൈ കൃഷ്ണന്റെ ഒരു ചെറിയ വിഗ്രഹവും ഉണ്ടായിരുന്നു. ആ വിഗ്രഹം കൈയിൽ വാങ്ങുമ്പോൾ കൃഷ്ണയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ദിവസവും കണികാണാനെന്നോണം അവൾ ആ വിഗ്രഹത്തെ മുറിയിൽ ഒരു മൂലയിൽ വച്ചു.
ഉണ്ണിക്കണ്ണന്റെ കുഞ്ഞുപാദങ്ങളിൽ അണിഞ്ഞിരിക്കുന്ന ചിലങ്കകളോട് കൃഷ്ണഭക്തയായ ആ ബാലികയ്ക്ക് അതിയായ മോഹമുദിച്ചു. ഊണിലും ഉറക്കത്തിലും എന്നപോലെ മനസ്സിൽ ആ കൊച്ചുമോഹം അലയടിച്ചപ്പോൾ, അവൾ അത് അമ്മയോട് പങ്കുവച്ചു. അവൾക്ക് ഈ ഭൂമിയിൽ എന്തും ചോദിക്കുവാനും പറയുവാനും അവളുടെ അമ്മമാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.
ദാരിദ്ര്യത്തിന്റെ സമൃദ്ധിയിലായിരുന്ന അവളുടെ അമ്മ അത് ചെവിക്കൊണ്ടില്ല. വീണ്ടും വീണ്ടും ഈ ആഗ്രഹവുമായി അമ്മയെ സമീപിച്ച അവളെ അമ്മ ശകാരിക്കുകയാണ് ചെയ്തത്. ആ കുഞ്ഞുമനസ്സു വല്ലാതെ നൊന്തു. അങ്ങനെ അടങ്ങാത്ത ആഗ്രഹവുമായി അവൾ കിടന്നുറങ്ങിയ ഒരു രാതിയിൽ പതിവായി അവൾ തൊഴാൻ പോകാറുള്ള അടുത്തുള്ള കൃഷ്ണക്ഷേതത്തിലെ കണ്ണൻ അവളുടെ സ്വപ്നത്തിൽ എത്തി.
"കൃഷ്ണക്കുട്ടിക്ക് ചിലങ്കകളോട് ഒത്തിരി മോഹമുണ്ടല്ലേ" എന്നു ചോദിച്ചു. അതിനുത്തരമായി രണ്ടു കുഞ്ഞിക്കൈകളും തൊഴുതുപിടിച്ചുകൊണ്ട് നിറഞ്ഞ ഭക്തിയോടെ അവൾ മൊഴിഞ്ഞു. "അതേ കണ്ണാ. എനിക്കു ചിലങ്കവാങ്ങാനുള്ള പൈസ അമ്മയ്ക്കു നല്കിക്കൂടെ" എന്ന്.
അപ്പോൾ കണ്ണൻ ചോദിച്ചു, "എന്തിനാണ് നിനക്കിപ്പോൾ ചിലങ്കകൾ" എന്ന്. അതിനുത്തരമായി അവൾ പറഞ്ഞു, "ചിലങ്കയണിഞ്ഞ കാലുകളാൽ എന്റെ കണ്ണന്റെ സ്തുതികൾ പാടി എനിക്ക് നൃത്തമാടണം കണ്ണാ. ഒരുപാടു നാളുകളായി എന്റെ മനസ്സിലുള്ള ആഗ്രഹമാണിത് " എന്ന് . അതുകേട്ട് അവളുടെ കണ്ണൻ കാലിലെ ചിലങ്കകൾ അഴിച്ചുകൊണ്ടിരിക്കുമ്പോൾ അത്ഭുതം കുറിയ മനസ്സുമായി അവൾ ഉറക്കെ വിളിച്ചു എന്റെ കണ്ണാ ...! അതഴിക്കരുത്. നിന്റെ പാദങ്ങൾക്കൊരലങ്കാരമാണത്. അരുത് അതഴിക്കരുത്. അമ്മയ്ക്കു പൈസയുണ്ടാകുംവരെ ഞാൻ കാത്തിരുന്നോളാം.
അരികിൽ കിടന്ന് ഉറക്കത്തിൽ കണ്ണനെ വിളിച്ചു സംസാരിക്കുന്ന അവളെ അമ്മ തട്ടിയുണർത്തി.
നേരം നന്നേ വെളുത്തല്ലോ. സ്വപ്നം കണ്ടു കിടക്കുവാണോ എന്റെ കുട്ടി. ഇന്നെന്താ അമ്പലത്തിലൊന്നും പോകുന്നില്ലേ.
സൂര്യപ്രകാശത്തിന്റെ ശക്തി കണ്ട് അവൾ എണീറ്റ് പെട്ടെന്നു കുളിച്ചൊരുങ്ങിയിറങ്ങി അമ്പലത്തിലേക്ക്. തുകിലുണർത്തു കഴിഞ്ഞിരുന്നു അവൾ എത്തുമ്പോഴേക്കും.
നടയ്ക്കൽ കണ്ണടച്ചുനിന്നു പതിവുപോലെ കണ്ണനോട് ചിലങ്കയുൾപ്പെടെ മനസ്സിലെ കൊച്ചുകൊച്ചു മോഹങ്ങളൊക്കെ പറഞ്ഞു. കീർത്തനം ചൊല്ലി പ്രദക്ഷിണം വച്ച് പ്രസാദവും വാങ്ങി പുറത്തു വന്ന് കൊടിമരച്ചോട്ടിൽ നമസ്കാരം ചെയ്യാനായി തുനിയുമ്പോൾ കൈയിലിരിക്കുന്ന കീറ്റിലയിൽ പ്രസാദത്തോടൊപ്പം രണ്ടു മനോഹരമായ ചിലങ്കകൾ. അവളുടെ കുഞ്ഞുകണ്ണുകൾക്കതു വിശ്വസിക്കാനായില്ല. പെട്ടെന്ന് അവൾ വീട്ടിലേക്കോടി. അമ്മയുടെ അരികിലെത്തി കണ്ണൻ എനിക്ക് ചിലങ്കകൾ തന്നമ്മേ എന്നു പറഞ്ഞു. അമ്മ അവളുടെ വാക്കുകളിൽ വിശ്വാസം വരാതെ ആരുടെ ചിലങ്കയാണിത്. വേഗം പറഞ്ഞോ അടിവാങ്ങി ചാകേണ്ടെങ്കിൽ. ആശ മൂത്തു ദുരയായി അല്ലേ നിനക്ക്. ആ ദുരയിൽ നീ ആരുടെയോ ചിലങ്ക മോഷിച്ചുകൊണ്ട് വന്നിരിക്കുന്നോ എന്നു ചോദിച്ചു കൊണ്ട് അവളെ ഒരുപാട് അടിക്കുകയും അവളുടെ കൈയിലിരുന്ന ആ ചിലങ്ക വാങ്ങി വലിച്ചെറിയുകയും ചെയ്തു. അത് മുറ്റത്തു നിന്നിരുന്ന കർണ്ണികാരമരത്തിന്റെ കൊമ്പിൽ തങ്ങി തൂങ്ങിക്കിടന്നാടി. ഒരിക്കലും പൂക്കാത്ത ആ മരത്തിന്റെ എല്ലാ കൊമ്പുകളിലും ചിലങ്കപോലെയുള്ള പൂക്കൾ വിരിയുകയും ചെയ്തുകൊണ്ടേയിരുന്നു. വടി താഴെയിട്ട് അത്ഭുതമൂറും കണ്ണുകളുമായി കോത കൃഷ്ണയെ വാരിപ്പുണർന്നു. അവൾക്കു മോളെ വിശ്വാസമായി. കൃഷ്ണ ആ ചിലങ്കകൾ കാലിൽ കെട്ടി കൃഷ്ണഗാഥകൾ പാടി നൃത്തം വച്ചു. ആ കൊല്ലം മുതൽ വർഷംതോറും മേടമാസമാകുമ്പോഴേക്കും കൃഷ്ണചിലങ്കയിലെ തങ്കമണികൾ പോലെ സ്വർണ്ണവർണ്ണത്തിൽ ചിലങ്കപ്പൂക്കൾ വിരിയാനും അത് മേടം ഒന്നിന് ആണ്ടുപിറപ്പുകണിയായി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നത് ഒരു ഐശ്വര്യമായി ജനങ്ങൾ വിശ്വസിക്കാനും തുടങ്ങി. അന്നത്തെ വർഷപ്പിറപ്പാണ് ഇന്നത്തെ വിഷു. ആ ചിലങ്കയാണ് ഇന്നത്തെ കർണ്ണികാരപ്പൂക്കൾ.
Comments
Post a Comment