വിധിയുടെ ബലിയാട്

വിധിയുടെ ബലിയാട്

എടീ പാറുക്കുട്ടിയേ എന്നു നീട്ടിവിളിച്ചോണ്ടാണ് ചെല്ലപ്പൻനായർ വീട്ടിലേക്കു കയറുന്നത്. മൂപ്പരുടെ ആ വിളികേൾക്കാൻ കത്തിരിക്കുന്നതുപോലെ പാറുവമ്മ കിണ്ടീംവെള്ളവുമായി എത്തും. നായർ ആ വെള്ളം വാങ്ങി കാലും മുഖവും കഴുകിയിട്ടേ അകത്തേക്കു കടക്കൂ. പിന്നെ ചായയുമായി വരുന്നത് ചെല്ലമ്മപ്പെങ്ങളായിരിക്കും. അതൊരു പതിവാണ്. 

പെങ്ങളുടെ സമ്മന്തക്കാരൻ വിദേശത്തായതുകാരണം അവർ ഒടപ്പിറന്നോന്റെ കൂടെ തറവാട്ടിൽത്തന്നെയാ താമസം. രണ്ടുപേർക്കും ഓരോ കുട്ടികൾ. ചെല്ലമ്മയുടെ മകൻ ആദിയും ചെല്ലപ്പൻ നായരുടെ മകൾ അഞ്ജുവും തമ്മിൽ കുഞ്ഞുന്നാൾമുതൽക്കെ വലിയ ഇഷ്ടത്തിലാണ്. പഠിപ്പൊക്കെ കഴിഞ്ഞ് പേരുകേട്ട അഭിഭാഷകരായി ജോലിനോക്കുന്നതിനിടയിലും അവർതമ്മിലുള്ള ഇഷ്ടത്തിനൊരു കുറവുംവന്നിട്ടില്ല. ആ ഇഷ്ടത്തിൽ ഓപ്പോൾക്ക് അതൃപ്തിയൊന്നുമില്ലെന്ന് നായർക്ക് നന്നായറിയാം. കാരണവന്മാരായിട്ടുണ്ടാക്കിയ അളന്നാൽ തീരാത്ത സ്വത്തുക്കൾ അന്യൊരുത്തി വന്നനുഭവിക്കാതിരിക്കാൻ ഇതാണല്ലോ നല്ല മാർഗ്ഗവും. ഒന്നിച്ചൊരു കാറിലാണ് കച്ചേരിയിലേക്കുള്ള പോക്കും വരാവുമെല്ലാം. നല്ല തറവാടിത്തം. ആരും കണ്ടാൽ കൊതിച്ചുപോകും അതുപോലെ പൊരുത്തമാണ് രണ്ടാളുടേയും വേഷത്തിലും ഛായായിലും ഓക്കെ.

ചെല്ലമ്മയ്ക്ക് അമേരിക്കയിൽ ഒരു സഹോദരനുണ്ട്. ഭാസ്കരൻ നായർ. അങ്ങേരുടെ ഭാര്യ ഭാനുമതിയമ്മ. രണ്ടുപേരും ഡോക്ടർമാർതന്നെ. അവരുടെ മകൻ അനീഷ്. അയാളും ഡോക്ടറാണ്. അവർക്ക് അനീഷിനെക്കൊണ്ട് അഞ്ജുവിനെ വിവാഹംചെയ്യിപ്പിക്കണമെന്ന് പണ്ടേയൊരു മോഹമുണ്ടായിരുന്നു. ആ ആലോചനയിലുള്ള നീരസം അഞ്ചു ആദിയോട് പറഞ്ഞു. ജാതകം ചേരില്ലെന്നുവരെ കണിയാനെക്കൊണ്ട് പറയിപ്പിക്കാൻ തീരുമാനിച്ചു.  ഇവരുടെ പ്രണയത്തെക്കുറിച്ചറിയാവുന്ന കണിയാൻ ആദിയോടു ഭാസ്കരൻനായർ തന്നെ പൈസതന്ന് സ്വാധീനിക്കാൻ ശ്രമിച്ചത്  ഒരുനാൾ പറഞ്ഞുകൊടുത്തു. ഭാസ്കരൻനായർ തരുന്നതിന്റെ ഇരട്ടിരൂപ ഞാൻ തരാം, ജാതകം പരിശോധിക്കാൻ വിളിപ്പിക്കുമ്പോൾ ജാതകത്തിൽ പത്തുപൊരുത്തമുണ്ടെന്നുപറഞ്ഞേക്കാൻ ആദി കണിയാനോട്  പറഞ്ഞേല്പിച്ചു. അങ്ങനെ ആ ആലോചന മുടങ്ങിക്കിട്ടി. ഇക്കാരണത്താൽ അവർതമ്മിൽ നീരസത്തിലായി. വേറെയും കുറേ ആലോചനകൾ അഞ്ജുവിനെത്തേടി വന്നുകൊണ്ടിരുന്നപ്പോൾ ഇനിയും ഇവരുടെ വിവാഹം അങ്ങനെ നീട്ടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കി വേണ്ടപ്പെട്ടവരിൽ ചിലരുടെയൊക്കെ വിരോധത്തോടെതന്നെ അഞ്ജുവിന്റെയും ആദിയുടെയും വിവാഹം നടത്തി വീട്ടുകാർ.

നാട്ടുകാരുടേയും വീട്ടുകാരുടേയും അഭിപ്രായങ്ങളൊക്കെ അവഗണിച്ച് മനസ്സില്‍ താലോലിച്ചു കൊണ്ടു നടന്ന മുറച്ചെക്കനെ തന്നെ സ്വന്തക്കിയപ്പോള്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ പൂവണിഞ്ഞ ആത്മനിര്‍വൃതിയായിരുന്നു അഞ്ജുവിന്. രണ്ടു മാസത്തെ സ്വര്‍ഗ്ഗീയമായ ദാമ്പത്യജീവിത്തില്‍ തന്‍റെ വയറ്റില്‍ ഒരു പുതുജീവന്‍ മൊട്ടിട്ടനേരം സന്തോഷത്തിനു പകരം ഒരുതരം ഭയമായിരുന്നു മനസ്സില്‍. എല്ലാരും പറയുന്നു ബന്ധത്തില്‍ നിന്നും കല്യാണം കഴിച്ചാല്‍ കുട്ടി അംഗവൈകല്യത്തോടെയേ ജനിക്കൂ എന്ന്. ശരിയായിരിക്കുമോ. അവള്‍ക്കല്‍പ്പം അസ്വസ്ഥത തോന്നി. ഒന്നും വേണ്ടായിരുന്നുവോ...താന്‍ തെറ്റു ചെയ്തുവോ...ങ്ഹാ...എന്തേലും വരട്ടെ..വരുന്നതൊക്കെ അനുഭവിക്കുക തന്നെ എന്നൊക്കെ മനസ്സിനെ സമാധാനിപ്പിക്കുമെങ്കിലും സദാനേരവും ദൈവത്തിനെ വിളിതന്നെയായിരുന്നു. കുട്ടി ആണായാലും പെണ്ണായാലും കുഴപ്പങ്ങളൊന്നും ഉണ്ടായേക്കരുതേ എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ അവളുടെ മനസ്സില്‍. അവസാനം മാസം തികയും മുമ്പേ തന്നെ അവള്‍ പ്രസവിച്ചു. നല്ല ഒരു പൊന്നോമനയെ. കുഞ്ഞിനെ അഞ്ജു ആസകലം ഒന്നു കണ്ണോടിച്ചു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഇല്ല....എല്ലാം തികഞ്ഞ ഒരു പൊന്നോമന. അവള്‍ സമാധാനിച്ചു. വെറുതെ ആളുകള്‍ ഓരോന്നു പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു. ഈ മുതിര്‍ന്നവരുടെ ഒരു കാര്യമേ. നാളെ ചാവാനുള്ളവരെ ഇന്നു തന്നെ കൊന്നു കളയും. എന്തൊരു ജനങ്ങള്‍...

അവള്‍ ആ പൊന്നോമനയെ വളര്‍ത്തി. സ്‌കൂളില്‍ ചേര്‍ത്തു. മോള്‍ മിടുക്കിയായി പഠിക്കുന്നുമുണ്ട്. ഒപ്പം തന്നെ സ്‌പോര്‍ട്സിലും ഗെയിംസിലും ഒക്കെ സമ്മാനങ്ങള്‍ വാരുക്കൂട്ടുന്നുമുണ്ട്. എന്നേക്കാള്‍ ഭാഗ്യവതിയായി ഈ ഭൂമിയില്‍ ആരുംതന്നെ ഉണ്ടാവില്ല. പണക്കാരനായ ഭര്‍ത്താവ്, താൻ പ്രതീക്ഷിച്ചതിനെക്കാൾ മിടുക്കിയാണ് ശ്രീജമോൾ. അവള്‍ കുറച്ച് അഹങ്കരിച്ചുനടക്കാന്‍ തുടങ്ങി. റാങ്കോടെയാണ് മോള്‍ 10 - ാം തരം പാസ്സായത്. നാട്ടുകാര്‍വരെ പുകഴ്ത്താന്‍ തുടങ്ങി അവളെ. മോളെ പേരെടുത്ത കോളേജില്‍ത്തന്നെ ആക്കി പ്രീ ഡിഗ്രിക്ക്. അവിടുന്നും നല്ല മാർക്കോടെ പാസ്സായപ്പോൾ ഡിഗ്രിക്ക് ചേർത്തു. മലയാളമാണ് എടുത്തത്. തുടർന്ന് പീജിക്കു പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതും നിറവേറ്റാൻ തീരുമാനിച്ചു. ഒന്നാംവര്‍ഷം പരാക്ഷയ്ക്ക് ഹാള്‍ ടിക്കറ്റു വാങ്ങാന്‍ പോയ മോളേയും കാത്ത് പൂമുഖത്തിരിക്കുമ്പോള്‍ മോളുടെ കല്യാണവും ജനിക്കാന്‍ പോകുന്ന പേരക്കുട്ടികളും ഒക്കെയായിരുന്നു മനസ്സു നിറയെ. പെട്ടന്ന് ഒരു കാര്‍ ശബ്ദം കേട്ടു..അവള്‍ ഗേറ്റിലേക്കു നോക്കുമ്പോള്‍ തന്‍റെ മോളേയും താങ്ങിപ്പിടിച്ചു കൊണ്ട് രണ്ടുമൂന്നാള്‍ക്കാര്‍ വരുന്നു. അവളുടെ കണ്ണുകളെ അവള്‍ക്കു തന്നെ വിശ്വസിക്കാനായില്ല. പെട്ടന്നോടിച്ചെന്ന് അവളും കൂടി താങ്ങി മോളെ കൊണ്ടു വന്നു ബെഡ്ഡില്‍ കിടത്തി. ഈശ്വരാ! എന്റെ മോൾക്കിതെന്താ പറ്റിയത്. ഇവിടുന്നു പോകുമ്പോൾ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ. പെട്ടെന്നൊന്നു കുഴഞ്ഞുവീണു.  പിന്നെ ശ്രീജയ്ക്കു  നടക്കാനാകുന്നില്ല എന്നും പറഞ്ഞ് കൂടെ വന്നവര്‍ പോയി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ മോളുടെ അച്ഛനെ വിളിച്ചുവരുത്തി ഉടനെ ആശുപ ത്രിയില്‍ എത്തിച്ചു. എങ്കിലും ഫലമൊന്നുമുണ്ടായില്ല. എക്‌സറേ എടുത്തു നോക്കിയിട്ടു ഇവിടെ പറ്റില്ല, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു അവര്‍. ഉടനെ അവിടുന്ന് തൃശ്ശൂരിലേക്കു കൊണ്ടുപോയി മോളെ. അവിടേയും ഫലമില്ലാതെ വന്നപ്പോള്‍ പേരുവെട്ടി കൊണ്ടുപോന്നു. പിന്നെ മോളേയും കൊണ്ടുപോകാത്ത ഇടമില്ല അവര്‍. തിരുമ്മലും ഉഴിച്ചിലും ഒക്കെ നടത്തി. ഒരു ഫലവുമുണ്ടായില്ല.

ആകെയുള്ള ഒരു പേരക്കുട്ടിയുടെ സ്ഥിതിയിൽ വേദനപ്പെട്ട് അഞ്ജുവിന്റെ അമ്മയും അച്ഛനും വിഷ്ണുപദം പൂകി. മരണാനന്തര ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ച് പതിനാറാം പക്കം ഉറങ്ങാന് കിടന്ന അമ്മാവനും വിടചൊല്ലി. 
 
ആ ദമ്പതികള്‍ വേദനയുടെ തീച്ചൂളയില്‍ അകപ്പെട്ടു പിടയുന്നതു കണ്ടുകണ്ട് അമ്മായിയും കിടപ്പിലായി. ആരുടേയോ ശാപം ഏറ്റതുപോലെ ദുഃഖം അവരെ കാര്‍ന്നുതിന്നു. ഇത്രയും നാള്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും തകര്‍ന്ന് ഉടഞ്ഞ മനസ്സുമായി കഴിയുമ്പോൾ സ്വന്ത ബന്ധങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി. നല്ലതും കെട്ടതും. അമ്മയെ തല്ലിയാലും രണ്ടണ്ടു പക്ഷം എന്നല്ലേ. ചുരുക്കം ചിലര്‍ മാത്രം അവളുടെ അവസ്ഥയില്‍ സഹതപിച്ചു. നാളുകള്‍ കടന്നു. പ്രായം മൂവര്‍ക്കും ഏറി. മോളെ വേണ്ടവിധത്തില്‍ നോക്കാന്‍ വയ്യാതായിത്തുടങ്ങി അവർക്ക്. അതിനായി ഒരു ഹോം നേഴ്‌സിനെ ഏര്‍പ്പെടുത്തി. നാള്‍ക്കു നാള്‍ മോള്‍ക്കു ശരീരം തടിച്ചു വരാന്‍ തുടങ്ങി. തുടര്‍ച്ചയായുള്ള ഇരുപ്പ് മോളെ പ്രമേഹരോഗത്തിനടിമയാക്കി. അങ്ങിനെയിരിക്കെ മോളുടെ അച്ഛന്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു. വളരെ കുറച്ചു നാളുകള്‍ മാത്രം കൂട്ടിരുന്ന് ഈ മോളും അവരോടു വിട പറഞ്ഞു. വിധിയുടെ ബലിയാടായി മാറി ഇന്നും തീരാദുഃഖവും പേറി ജീവിക്കുന്ന അഞ്ജുവും അമ്മായിയും യമന്റെ കലൊച്ചയ്ക്കു കാതോർക്കുകയാണ്. 





Comments

Popular posts from this blog

മായാലോകത്തെ രാജകുമാരി

വേനൽക്കിനാവ്

വർണ്ണസ്വപ്നം