ഒരു മഴയിലലിഞ്ഞലിഞ്ഞ്....
ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ ഓരോരുത്തരായി കുടയും ചൂടി കലപിലയോടെ മഴയിലേക്കിറങ്ങി നടന്നു. വരാന്തയിൽ നിന്ന് മഴയിലേക്കു നോക്കി രവീന്ദ്രൻ മാഷ് നിന്നു.
"സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്"
"ശരി നീന"
നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനം കുറഞ്ഞ ഇടതുകാൽ വലിച്ചു വച്ച് അകത്തേക്കു നടന്നു. ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക് നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക് ട്യൂഷന്‍ എടുത്തു ഇങ്ങനെ ജീവിതം നയിക്കേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും ഓർത്തിട്ടില്ല .
ചിന്തകള്‍ ഒരു ഇരുപതു വര്‍ഷങ്ങള്‍ പുറകോട്ടു പോയി....
ടൗണിലെ ഏറ്റവും വലിയ ടൂട്ടോറിയൽ കോളേജിൽ ട്യൂഷന്‍ മാഷായി ജോലി എടുത്തിരുന്ന കാലം.... അന്ന് ഒരു ടൈം പാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില്‍ മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചു നടന്നു.
വലിയ സമ്പന്നർ ഒന്നും ആയിരുന്നില്ലെങ്കിലും കുടുംബ പ്രാരബ്ധം ഒന്നും അറിയാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്..
മൂത്ത രണ്ടു സഹോദരിമാരുടെ കല്യാണം കഴിഞ്ഞതോടെ അച്ഛന് നല്ല സുഖമില്ലതെയായി. അച്ഛന്‍റെ വരുമാനം നിന്നപ്പോള്‍ അതുവരെ സ്നേഹവും സന്തോഷവുംമാത്രം അനുഭവിച്ചിരുന്ന ആ വീട് ഒരു നാഥനില്ലാത്ത കുറവ് അനുഭവിക്കാനും തുടങ്ങി. താഴെയുള്ള കുട്ടികളുടെ പഠിപ്പും മറ്റു കുടുംബച്ചെലവുകളും എല്ലാംകൂടി ഭാരമായിത്തുടങ്ങി. അമ്മക്ക് എന്നും കണ്ണീരായി..
അമ്മയുടേയും, പെങ്ങാന്മാരുടേയും മനമുരുകിയുള്ള പ്രാർത്ഥനകൊണ്ടാവാം ഒരു കൂട്ടുകാരൻ മുഖാന്തിരം ബോംബയില്‍ ഒരു ജോലിയും തരപ്പെട്ടു. നിറകണ്ണുകളോടെ പെങ്ങന്മാരും അമ്മയും തന്നെ യാത്രയയച്ച കാഴ്ച താന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പിന്നീട് അവിടെ നിന്നും ഗള്‍ഫിലേക്ക് പറക്കുമ്പോൾ വീട്ടില്‍ ഉത്സവമായിരുന്നു..
രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ പെങ്ങളുടെ കല്യാണം അതിഗംഭീരമായി നടത്തി..
ഇളയവൾക്കും ആലോചനകൾ വരുന്നുണ്ട്, ഗൾഫുകാരന്‍റെ സഹോദരിയല്ലേ ലക്ഷങ്ങളാണു സ്ത്രീധനമായി ചോദിക്കുന്നത്.
ഗൾഫിൽ കൂടെ ജോലിചെയ്യുന്ന റസിയയുമായുള്ള അടുപ്പം, പിരിയാനാകാത്ത പ്രണയമായി വളർന്നത് വളരെ പെട്ടെന്നായിരുന്നു. നാട്ടിൽ ചെന്നിട്ട് വിവാഹം നടത്താൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു.എന്‍റെ പണം... ഞാൻ സ്നേഹിക്കുന്ന പെണ്ണ്... അന്യമതസ്ഥയായാലെന്താ എന്‍റെ വിവാഹം ഞാൻ ആഗ്രഹിക്കുന്ന പോലെ നടത്തും. അഹങ്കാരത്തിന്‍റെ വിത്തുകൾ മനസ്സിൽ മുളപൊട്ടിയതവിടെ നിന്നായിരുന്നു....
നാട്ടിൽ നിന്നും അമ്മയുടെ ഫോൺ. " മോനേ രവീ... ഇളയവൾക്ക് ഒരാലോചന.. സർക്കാർ ജോലിയുള്ള പയ്യനാ. ഞങ്ങൾ ഏതാണ്ട് ഇതങ്ങു ഉറപ്പിച്ചു. നീ വേഗം നാട്ടിൽ എത്തണം. ചിങ്ങത്തിൽത്തന്നെ നടത്തണമെന്നാണ് ചെറുക്കൻ വീട്ടുകാർ പറയുന്നത്"
"നടത്തിക്കോ.. ഞാനെന്താ എന്നും നിങ്ങളുടെ പെണ്മക്കളുടെ കല്യാണം നടത്തിക്കൊണ്ടു ജീവിച്ചാൽ മതിയോ? എനിക്കും ജീവിക്കണ്ടേ? ചോദിക്കുമ്പോൾ ലക്ഷങ്ങൾ എടുത്തു തരാൻ ഇവിടെ പണംകായ്ക്കുന്ന മരം ഒന്നും ഇല്ല"
താൻ കയർത്തു സംസാരിച്ചപ്പോൾ അമ്മ അൽഭുതത്തോടെ "മോനേ" എന്നു വിളിച്ചതും തേങ്ങിക്കരഞ്ഞതും ഒരു ഞെട്ടലോടെയാണ് തനിക്കിന്നോര്‍ക്കാന്‍ കഴിയുന്നത്. ഒന്നും വേണ്ടായിരുന്നു എന്നിപ്പോള്‍ തോന്നുന്നുണ്ട്.... പണം വന്നപ്പോള്‍ സ്നേഹത്തെക്കാള്‍ കൂടുതല്‍ അഹങ്കാരമല്ലേ തന്നില്‍ പ്രതിഫലിച്ചത് .
ഇളയ സഹോദരിയുടെ വിവാഹം നടന്നു. തന്‍റെ സാന്നിദ്ധ്യവും സഹായവും ഇല്ലാതെ തന്നെ. അമ്മ എത്ര കഷ്ടപെട്ടിട്ടായിരിക്കും അന്നതു നടത്തിയത്!!
മൂന്നാലു മാസം കൂടി കഴിഞ്ഞാണ് നാട്ടിലേക്കു ചെന്നത്. റസിയയെ രജിസ്റ്റർ വിവാഹവും ചെയ്തു വീട്ടിലേക്കു കൊണ്ടു വന്നു. സുഖമില്ലാതെ കിടപ്പിലായിരുന്ന അച്ഛൻ നിശ്ശബ്ദമായി കരഞ്ഞു... ഇതുവരെ സംരക്ഷിച്ചിരുന്ന അഭിമാനം തകർന്നടിയുന്നത് താങ്ങാനാവാതെ.
അഭിമാനം മണ്ണാങ്കട്ടി... പണത്തിനു മീതെ പരുന്തും പറക്കില്ല...
ദിവസങ്ങൾക്കകം റസിയയേയും കൂട്ടി ഗൾഫിലേക്കു മടങ്ങി. ഭാര്യയേയും കൂട്ടി ജോലിസ്ഥലത്തേക്ക് പോയപ്പോള്‍ അമ്മയുടെ മുഖത്തേക്കു നോക്കാനുള്ള ധൈര്യം പോലും തനിക്കില്ലായിരുന്നു. ആഹ്ലാദം അധികനാൾ നീണ്ടുനിന്നില്ല. പനിയായിതുടങ്ങി, ശരീരം കുഴഞ്ഞു മാസങ്ങൾ നീണ്ട ചികിൽസക്ക് ഒടുവിൽ ഇടതു കൈക്കും ഇടതുകാലിനും സ്വാധീനക്കുറവോടെ നാട്ടിലേക്കു മടങ്ങി.
ഞങ്ങൾക്കൊരു കുട്ടി പിറന്നു.
"നമുക്കു വേറേ വീടു വയ്ക്കാം" റസിയ നിർബന്ധിച്ചുകൊണ്ടിരുന്നു. സഹോദരികൾ വീട്ടിലേക്കു വരുന്നത് അവൾക്ക് ഇഷ്ടമല്ല.
അച്ചന്‍റെ അസുഖവും, നിർത്താതെയുള്ള ചുമയും അവളെ അലോസരപ്പെടുത്തി. " നമുക്കു ദൂരെ എവിടെയെങ്കിലും ഒരു വീടു വയ്ക്കണം.. ദൂ......രെ"
റസിയയുടെ ആഗ്രഹത്തിനു വഴങ്ങി കുറച്ചകലെ സ്ഥലം വാങ്ങി വീടുപണിതുടങ്ങി, വലിയ വീട്, ആർഭാടം ഒട്ടും കുറയ്ക്കാതെ. അഹങ്കാരം നയിച്ച മനസ്സിൽ വലിയ ബാങ്ക് ലോൺ വരുത്തിവയ്ക്കവുന്ന ബാദ്ധ്യതയൊന്നും കടന്നുവന്നില്ല.
വീടുപണിതീർന്നപ്പോഴേക്കും വലിയ കടക്കെണിയിലായി.
ലോണിന്‍റെ മാസ അടവ്, റസിയയുടെ ധാരാളിത്തം, കുടിയുടെ ചിലവുകൾ.. അതിനെല്ലാം പുറമെ ശാരീരിക ദൗർബല്യങ്ങൾ എല്ലാത്തിനോടും ദേഷ്യം. അസ്വാസ്ഥ്യങ്ങൾ കൂടിവന്നപ്പോൾ റസിയ കുട്ടിയേയും കൊണ്ട് അവളുടെ വീട്ടിലേക്കു പോയി.
അഹങ്കാരമെല്ലാം ഒഴുകിപ്പോയി... നിരാശനായി നിരാശ്രയനായി താൻ..
ചാറ്റൽ മഴ പൊഴിഞ്ഞുനിന്ന ആ പ്രഭാതം ഇപ്പോഴും ഓർക്കുന്നു. അമ്മ സഹോദരിമാരോടൊപ്പം വന്നു. പൊട്ടിക്കരഞ്ഞുപോയി... മഴയിലലിഞ്ഞുതീർന്ന പാപങ്ങൾ...
ജപ്തിയുടെ വക്കിലെത്തിയ വീടു സഹോദരിമാർ ചേർന്ന് തിരിച്ചെടുത്തു. പാവങ്ങൾ എത്ര നിർബന്ധിച്ചിട്ടാണ് റസിയ തിരിച്ചു വന്നത്...
വർഷങ്ങൾ ഇരുപതു കഴിഞ്ഞു...
"മോനേ ചോറുണ്ണാം" അമ്മയുടെ വിളികേട്ട് രവീന്ദ്രൻ മാഷ് ഓർമ്മകളിൽ നിന്നുണർന്നു.
സമാശ്വാസത്തിന്‍റെ തണുത്ത കറ്റും വീശി പുറത്ത് അപ്പോഴും ചാറ്റൽ മഴ സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു.
Comments
Post a Comment