ചാറ്റൽ മഴ
ചാറ്റൽ മഴ
"സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്"
"ശരി നീന"
നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനംകുറഞ്ഞ ഇടതുകാൽ വലിച്ചുവച്ച് അകത്തേക്കു നടന്നു.
ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക് നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക് ട്യൂഷന് എടുത്ത് ഇങ്ങനെ ജീവിതംനയിക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍പോലും ഓർത്തിട്ടില്ല
അയാളുടെ ചിന്തകള്‍ ഒരു ഇരുപതുവര്‍ഷങ്ങള്‍ പുറകോട്ടുപോയി....
ടൗണിലെ ഏറ്റവുംവലിയ ടൂട്ടോറിയൽകോളേജിൽ ട്യൂഷന്‍മാഷായി ജോലി എടുത്തിരുന്നകാലം.... അന്ന് ഒരു ടൈംപാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില് മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചുനടന്നു.
വലിയ സമ്പന്നരായിരുന്നില്ലെങ്കിലും കുടുംബപ്രാരബ്ധം അറിയാതെയാണ് അച്ഛന് തന്നെ വളര്‍ത്തിയത്.. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്..
മൂത്ത രണ്ടുസഹോദരിമാരുടെ കല്യാണംകഴിഞ്ഞതോടെ അച്ഛന് നല്ല സുഖമില്ലതെയായി. അച്ഛന്റെ വരുമാനം നിന്നപ്പോള്‍ അതുവരെ സ്നേഹവും സന്തോഷവും മാത്രമനുഭവിച്ചിരുന്ന ആ വീട് ഒരു നാഥനില്ലാത്തകുറവ് അനുഭവിക്കാനുംതുടങ്ങി. താഴെയുള്ള കുട്ടികളുടെ പഠിപ്പും മറ്റു കുടുംബചച്ചെലവുകളും എല്ലാംകൂടി ചെലവ് ഭാരമായിതുടങ്ങി. അമ്മക്ക് എന്നും കണ്ണീരായി..
അമ്മയുടേയും, പെങ്ങാന്മാരുടേയും മനമുരുകിയുള്ള പ്രാർത്ഥനകൊണ്ടാവാം ഒരു കൂട്ടുകാരൻമുഖാന്തിരം ബോംബയില്‍ ജോലിയും തരപ്പെട്ടു. നിറകണ്ണുകളോടെ പെങ്ങന്മാരും അമ്മയും തന്നെ യാത്രയയച്ചകാഴ്ച താനിന്നും ഓര്‍ക്കുന്നുണ്ട്. പിന്നീട് അവിടെ നിന്നും ഗള്ഫിലേക്കുപറക്കുമ്പോൾ വീട്ടില്‍ ഉത്സവമായിരുന്നു..
രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെപെങ്ങളുടെ കല്യാണം അതിഗംഭീരമായിനടത്തി..
ഇളയവൾക്കും ആലോചനകൾ വരുന്നുണ്ട്, ഗൾഫുകാരന്റെ സഹോദരിയല്ലേ ലക്ഷങ്ങളാണു സ്ത്രീധനമായിചോദിക്കുന്നത്..
ഗൾഫിൽ കൂടെജോലിചെയ്യുന്ന റസിയയുമായുള്ളഅടുപ്പം, പിരിയാനാകാത്തപ്രണയമായിവളർന്നത് വളരെപെട്ടെന്നായിരുന്നു. നാട്ടിൽചെന്നിട്ട് വിവാഹംനടത്താൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു. എന്റെ പണം... ഞാൻ സ്നേഹിക്കുന്ന പെണ്ണ്... അന്യമതസ്ഥയായാലെന്താ എന്റെ വിവാഹം ഞാൻ ആഗ്രഹിക്കുന്നപോലെ നടത്തും. അഹങ്കാരത്തിന്റെവിത്തുകൾ മനസ്സിൽമുളപൊട്ടിയതവിടെനിന്നായിരുന്നു....
നാട്ടിൽനിന്നും അമ്മയുടെ ഫോൺ. " മോനേ രവീ... ഇളയവൾക്ക് ഒരാലോചന.. സർക്കാർജോലിയുള്ളപയ്യനാ. ഞങ്ങൾ ഏതാണ്ട് ഇതങ്ങുറപ്പിച്ചു. നീ വേഗം നാട്ടിലെത്തണം. ചിങ്ങത്തില്‍ത്തന്നെ നടത്തണമെന്നാണ് ചെറുക്കൻ വീട്ടുകാർപറയുന്നത്"
"നടത്തിക്കോ.. ഞാനെന്താ എന്നും നിങ്ങളുടെപെണ്മക്കളുടെ കല്യാണംനടത്തിക്കൊണ്ടു ജീവിച്ചാൽമതിയോ? എനിക്കുംജീവിക്കണ്ടേ? ചോദിക്കുമ്പോൾ ലക്ഷങ്ങൾ എടുത്തുതരാൻ ഇവിടെ പണംകായ്ക്കുന്നമരമൊന്നുമി ല്ല"
താൻ കയർത്തുസംസാരിച്ചപ്പോൾ അമ്മ അൽഭുതത്തോടെ "മോനേ" എന്നു വിളിച്ചതും തേങ്ങിക്കരഞ്ഞതും ഒരു ഞെട്ടലോടെയാണ് തനിക്കിന്നോര്ക്കാന്കഴിയുന്നത്. ഒന്നുംവേണ്ടായിരുന്നു എന്നിപ്പോള്തോന്നുന്നുണ്ട്.... പണം വന്നപ്പോള്‍ സ്നേഹത്തെക്കാള്കൂടുതല് അഹങ്കാരമല്ലേ തന്നില്‍ പ്രതിഫലിച്ചത് .
ഇളയസഹോദരിയുടെ വിവാഹംനടന്നു. തന്റെ സാന്നിദ്ധ്യവും സഹായവും ഇല്ലാതെതന്നെ. അമ്മ എത്ര കഷ്ടപെട്ടിട്ടായിരിക്കും അന്നതു നടത്തിയത്!!
മൂന്നാലുമാസംകൂടി കഴിഞ്ഞാണു നാട്ടിലേക്കുചെന്നത്. റസിയയെ രജിസ്റ്റർവിവാഹവുംചെയ്തു വീട്ടിലേക്കു കൊണ്ടുവന്നു. സുഖമില്ലാതെ കിടപ്പിലായിരുന്ന അച്ഛൻ നിശ്ശബ്ദമായികരഞ്ഞു... ഇതുവരെ സംരക്ഷിച്ചിരുന്ന അഭിമാനം തകർന്നടിയുന്നതുതാങ്ങാനാവാതെ.
അഭിമാനം മണ്ണാങ്കട്ടി... പണത്തിനു മീതെ പരുന്തുംപറക്കില്ല...
ദിവസങ്ങൾക്കകം റസിയയേയുംകൂട്ടി ഗൾഫിലേക്കുമടങ്ങി. ഭാര്യയേയുംകൂട്ടി ജോലിസ്ഥലത്തേക്കുപോയപ്പോള് അമ്മയുടെമുഖത്തേക്കുനോക്കാനുള്ള ധൈര്യംപോലും തനിക്കില്ലായിരുന്നു. ആഹ്ലാദം അധികനാൾ നീണ്ടുനിന്നില്ല. പനിയായിതുടങ്ങി, ശരീരം കുഴഞ്ഞു, മാസങ്ങൾ നീണ്ടചികിൽസക്കൊടുവിൽ ഇടതകൈക്കും ഇടതുകാലിനും സ്വാധീനക്കുറവോടെ നാട്ടിലേക്കുമടങ്ങി.
ഞങ്ങൾക്കൊരു കുട്ടിപിറന്നു.
"നമുക്കു വേറേ വീടു വയ്ക്കാം" റസിയ നിർബന്ധിച്ചുകൊണ്ടിരുന്നു. സഹോദരികൾ വീട്ടിലേക്കു വരുന്നത് അവൾക്ക് ഇഷ്ടമല്ല.
അച്ചന്റെ അസുഖവും, നിർത്താതെയുള്ളചുമയും അവളെ അലോസരപ്പെടുത്തി. " നമുക്കു ദൂരെ എവിടെയെങ്കിലും ഒരു വീടു വയ്ക്കണം.. ദൂരെ,,..., ദൂരെ "
റസിയയുടെ ആഗ്രഹത്തിനുവഴങ്ങി കുറച്ചകലെ സ്ഥലംവാങ്ങി വീടുപണിതുടങ്ങി.. വലിയ വീട്, ആർഭാടം ഒട്ടുംകുറയ്ക്കാതെ. അഹങ്കാരം നയിച്ചമനസ്സിൽ വലിയബാങ്ക്ലോൺ വരുത്തിവയ്ക്കാവുന്ന ബാദ്ധ്യതയൊന്നും കടന്നുവന്നില്ല.
വീടുപണിതീർന്നപ്പോഴേക്കും വലിയ കടക്കെണിയിലായി.
ലോണിന്റെ മാസ അടവ്, റസിയയുടെ ധാരാളിത്തം, കുട്ടിയുടെചെലവുകൾ.. അതിനെല്ലാംപുറമെ ശാരിരികദൗർബല്യങ്ങൾ.... എല്ലാത്തിനോടും ദേഷ്യം. അസ്വാസ്ഥ്യങ്ങള്കൂടിവന്നപ്പോൾ റസിയ കുട്ടിയേയുംകൊണ്ട് അവളുടെ വീട്ടിലേക്കുപോയി.
അഹങ്കാരമെല്ലാം ഒഴുകിപ്പോയി... നിരാശനായി നിരാശ്രയനായി താൻ..
ചാറ്റൽമഴ പൊഴിഞ്ഞുനിന്ന ആ പ്രഭാതം ഇപ്പോഴുംഓർക്കുന്നു. അമ്മ സഹോദരിമാരോടൊപ്പം വന്നു. പൊട്ടിക്കരഞ്ഞുപോയി... മഴയിലലിഞ്ഞുതീർന്ന പാപങ്ങൾ...
ജപ്തിയുടെ വക്കിലെത്തിയവീട് സഹോദരിമാർചേർന്ന് തിരിച്ചെടുത്തു. പാവങ്ങൾ എത്ര നിർബന്ധിച്ചിട്ടാണ് റസിയ തിരിച്ചു വന്നത്...
വർഷങ്ങൾ ഇരുപതു കഴിഞ്ഞു...
"മോനേ ചോറുണ്ണാം" അമ്മയുടെവിളികേട്ട് രവീന്ദ്രൻമാഷ് ഓർമ്മകളിൽനിന്നുണർന്നു.
സമാശ്വാസത്തിന്റെ തണുത്തകറ്റും വീശി പുറത്ത് അപ്പോഴും ചാറ്റൽമഴ സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു.
Comments
Post a Comment