മിനിക്കഥകൾ

കൂടപ്പിറപ്പ്

രാവിലെ ശ്രീജമോളെ കുളിപ്പിച്ച് റെഡിയാക്കി ചോറും കറിയും പാത്രത്തിലാക്കി പടിക്കൽ വന്ന സ്കൂൾവാനിൽ കയറ്റിവിട്ടു തിരിച്ചുവരുമ്പോൾ സുജിത്തിന് നിറഞ്ഞ ഏകാന്തതയോടൊപ്പം ആകുലതയും അനുഭവപ്പെട്ടു. . ആദ്യമായിട്ടാണല്ലോ വാനിൽ വിടേണ്ടിവന്നത്. നേരം വെളുത്താൽൽപ്പിന്നെ വാതോരാതെ ശാസനയിലൂടെയും ഉപദേശങ്ങളിലൂടെയും തലോടി സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന ചേച്ചിയോട് സ്നേഹമായി ഒരു വാക്കുപോലും താൻ പറഞ്ഞിട്ടുണ്ടോ ഇതുവരെ. മൂകത തളംകെട്ടിയ മുറ്റത്തു കതിരിട്ടുനില്ക്കുന്ന കൃഷ്ണത്തുളസിക്കുപോലും തന്നോടെന്തോ അമർഷമുള്ളതുപോലെ തോന്നുന്നു. അകത്തേക്കു കയറിയപ്പോൾ കിളിയൊഴിഞ്ഞ കൂടുപോലെ ആകെയൊരു മൌനം.

തളർന്നുകിടക്കുന്ന സീനയുടെ പ്രാതൽകൃത്യങ്ങളൊക്കെ ഒരുവിധം ചെയുതുതീർക്കാൻ താനെന്തു പാടുപെട്ടു. അതുകഴിഞ്ഞവൾക്ക് ദോശയും പാലും കൊടുക്കാൻ പെട്ടപാടോ. ശ്ശോ ചേച്ചിയെ സമ്മതിക്കണം. നാലഞ്ചു വർഷമായില്ലേ ഇവളിങ്ങനെ തളർന്നുകിടക്കാൻതുടങ്ങിയിട്ട്. രാവിലെയുണരുമ്പോൾ മുതൽ രാത്രിയിൽ കിടന്നുറങ്ങുന്നതുവരെ

എഴുന്നേറ്റൊന്നു നില്ക്കുവാനോ തെളിച്ചൊരു വർത്തമാനം പറയാനോ കയഴിാത്ത തൻ്റെ ഭാര്യയുടെ കൂടെ നടന്നുതേഞ്ഞ അമ്മയ്ക്കു തുല്യമായ സഹോദരിയോട് താനിങ്ങനെ പെരുമാറരുതായിരുന്നു. പാവം എവിടെന്നുവച്ചാ അന്വേഷിച്ചുപേകണ്ടത്. ഇനി അഥവാ വിളിച്ചാൽത്തന്നെ വരുമോ എന്നൊരു നിശ്ചയവുമില്ല. അത്രയ്ക്കു വേദനിപ്പിച്ചില്ലേ താൻ അവരെ. ഒന്നും ണ്ടും ദിവസമല്ലല്ലോ. കേട്ടുകേട്ടു മടുത്തിട്ടുണ്ടാവും. ഇനി പറഞ്ഞിട്ടെന്തിനാ. പോയബുദ്ധി ആനവലിച്ചാലും പോരില്ലല്ലോ.


പ്രളയപാഠം

മുറ്റത്തൊക്കെ വെള്ളം കണ്ടപ്പോഴും വീട്ടിനകത്തേക്കൊന്നും കേറില്ലായിരിക്കും എന്ന മീനാക്ഷിത്തമ്പുരാട്ടിയുടെ ദൃഢവിശ്വാസം തല്ലിത്തകർത്തുകൊണ്ട് വെള്ളം പാഞ്ഞുകയറുകയായിരുന്നു വീട്ടിനുള്ളിലേക്ക്... അവർ ഒരു നിമിഷം ഓർത്തുപോയി. അയലത്തെ ശാന്ത തലേന്നുതന്നെ വിളിച്ചതായിരുന്നു ക്യാമ്പിലേക്ക്...തന്റെ ഒടുക്കത്തെ ഒരു ശുഭാപ്തിവിശ്വാസം വീടു വിട്ടു പോകാൻ വിസമ്മതിച്ചു .. അമ്പമ്പോ... ഈ വെള്ളം ഇതെങ്ങോട്ടാ ഇരച്ചുകയറുന്നെ... ഓർത്തു നില്കാൻ സമയം തരാതെ മുറിയിൽ നിറയുന്ന വെള്ളം കണ്ടു ഭയന്നു ജീവൻ രക്ഷിക്കാനുള്ള ത്വരയിൽ അവരുടെ മുട്ടുവേദനയൊക്കെ പമ്പകടന്നു... പെട്ടെന്ന് ഓടിക്കയറി പാവം ടെറസ്സിലേക്ക്... എല്ലാരും അപ്പോഴേക്കും ക്യാമ്പുകളിൽ എത്തിയിരുന്നു.... ഒറ്റപ്പെട്ട തമ്പുരാട്ടി മൊബൈൽ എടുത്ത് ഗൾഫിലുള്ള മോനെ വിളിച്ചു. മോൻ പറഞ്ഞതനുസരിച്ചു ഒരു കൊച്ചു വഞ്ചിയുമായി രക്ഷിക്കാൻ വീട്ടിലെത്തിയത് പണ്ട് തറവാട്ടുമനയിൽ പറമ്പു കിളച്ചിരുന്ന കേളന്റെ പേരക്കുരട്ടി രവി. അവനെ കണ്ടയുടൻ മുഖം ചുളിച്ചു അവർ... രവി വീട്ടിനുള്ളിലേക്ക് വഞ്ചി കയറ്റി.. മുകളിൽ 5പടി ബാക്കി നിർത്തി വെള്ളം നിറഞ്ഞിരുന്നു.. തമ്പുരാട്ടീ.. തമ്പുരാട്ടീ... വെള്ളം ഉയരുകയാണ്.. വേഗം വന്ന് വഞ്ചിയിൽ കയറൂ... രക്ഷപ്പെടണ്ടേ... അവർ മനസ്സില്ലാമനസ്സോടെ പടിവരെ വന്നുനിന്നു... കൈനീട്ടിയ രവിക്ക് കൈകൊടുക്കാതെ ഹാൻഡ്റെയിൽ പിടിച്ച് വഞ്ചിയിലേക്കിറങ്ങാൻ ശ്രമിക്കവേ പത്തൊന്നു വീണു. ദേ കിടക്കുന്നു വഞ്ചിയിൽ തട്ടി വെള്ളത്തിലേക്ക്....അയ്യോ അവർ മുങ്ങുകയാണല്ലോ... രവി പിന്നെ ഒന്നും ആലോചിച്ചില്ല... അവരെ രണ്ടുകൈകളിൽ കോരിയെടുത്തു വഞ്ചിയിൽ കിടത്തി... ക്യാമ്പിലെത്തിച്ചു... തിരിച്ചുപോകാനൊരുങ്ങുന്ന കാക്കക്കറുമ്പായ രവിയുടെ നേരെ ചുക്കിച്ചുളിഞ്ഞ വെളുത്തു മെലിഞ്ഞ വെള്ളത്തമ്പുരാട്ടി രണ്ടു കൈകളും അറിയാതെ കൂപ്പിപ്പോയി..എന്നിട്ട് ആ കൈകൾ നീട്ടി അവനെ അരികിൽ വിളിച്ചു... നന്ദി പറയുമ്പോൾ അവന്റെ കറുത്ത നെറ്റിയിൽ അവരുടെ ചുവന്നചുണ്ടുകൾ അമർന്നു... വളരെ വാത്സല്യത്തോടെ.. മാസം ഒന്നു കഴിയുന്നു. പ്രളയം നല്കിയ മനുഷ്യത്വം അവരിൽ ഇപ്പോഴും നിഴലിക്കുന്നുണ്ടാവുമോ ആവോ ...

പ്രതിഷേധം.

MSc പഠിച്ചു കഴിഞ്ഞു ജോലിക്കു ശ്രമിച്ച എന്റെ നേരെ ഒരു വാതിലും തുറക്കാതായപ്പോൾ മാമനാണ് ടൗണിൽ ഒരു തയ്യൽക്കടയിട്ടു തന്നത്. തയ്യൽ പഠിച്ച മൂന്നു സുഹൃത്തുക്കളെയും കൂട്ടിനു തന്നു. ഒന്നു പച്ചപിടിച്ചു വന്നപ്പോൾ പെണ്ണുകാണാന്‍ പോകും വഴിയില്‍ വച്ചു കണ്ടതാണവളെ....അവളുടെ ശാലീനതയിലൊ, കുട്ടിക്കുറുമ്പുകള്‍ നിറഞ്ഞ കണ്ണിലെ നാണത്തിലൊ മനം കവര്‍ന്നു എന്‍റെ പെണ്ണായി ഹൃത്തിലങ്ങനെ നിറഞ്ഞവള്‍...ജാതിയില്‍ ഒരുപാടുയര്‍ന്നവള്‍, സാമ്പത്തികമായും ഞാന്‍ പിന്നോക്കം. പിന്നെ പറയേണ്ടതില്ലല്ലോ....പ്രതിഷേധം പ്രകടിപ്പിച്ചു വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും സമൂഹവും എല്ലാം എല്ലാം എനിക്കെതിരായി. കിട്ടിയില്ലെങ്കിൽചത്തുകളയാം  എന്നുപോലും മനസ്സ് മന്ത്രിക്കുന്നു. അവളോട് പറഞ്ഞപ്പോൾ, ഞാൻ കാരണം ഒരാളും ചവണ്ടാ. ആരുടെയെങ്കിലും കൂടെ ജീവിച്ചല്ലേ പറ്റൂ. അവൾക്കും താല്പര്യക്കുറവ്. ഒന്നും വകവയ്ക്കാതെ അവളെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആവേശം കരളിൽ.  

പലരുടെയും സങ്കടം, ചിലരുടെ വൈരാഗ്യം. എല്ലാം അവഗണിച്ചു. ഒടുവില്‍ സഹതാപത്തിന്റെ നിഴലിൽ ഒരുവിധം എല്ലാവരെയും സമ്മതിപ്പിച്ച്  അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ നിമിഷം സ്വര്‍ഗ്ഗം പിടിച്ചടക്കിയ ചാരിതാര്‍ത്ഥ്യം. ബന്ധുക്കള്‍ നീരസത്തില്‍ തുടര്‍ന്നു. സ്വജനങ്ങളെ കാണാനാവാതെ, ഇരുളടഞ്ഞ ജീവിതവീഥികളിൽ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എന്‍റെ പ്രിയതമ. എന്റെ പിടിവാശിക്കിടയിൽ ശ്വാസം കിട്ടാതെ പിടയുന്ന അവൾക്കായിമാത്രം തുടിച്ചുകൊണ്ടിരുന്നു എന്റെ ഹൃദയം. ജീവിതം തകര്‍ച്ചയുടെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. അബദ്ധമായോ എന്നുപോലും ചിന്തിക്കാൻ തുടങ്ങി. 

ഇതിനിടയിലെപ്പോഴോ എന്‍റെ പ്രിയമുള്ളവള്‍ക്ക് എന്നോട് പ്രണയം തോന്നി. ദൈവം തോന്നിച്ചു അങ്ങനെ പറയുന്നതായിരിക്കും ശരി. എന്‍റെ മനോവ്യഥ ദൈവത്തിനുപോലും സഹിച്ചില്ല. ദൈവം കരുണയുടെ കൈകള്‍ നീട്ടിയെന്നെ ആശ്ലേഷിച്ചത്‌ എന്‍റെ പ്രിയതമയുടെ രൂപത്തില്‍. മതി, ഇതു മാത്രം മതി. ഈ ഭൂമി ഒരു സ്വര്‍ഗ്ഗമാക്കാന്‍. ഈ ലോകം മുഴുവനും എന്നോട് പ്രതിഷേധിച്ചോട്ടെ. ഇനി ഞാന്‍ പിടിച്ചുനില്‍ക്കും. എന്‍റെ പ്രിയതമ എന്‍റെ കൂടെയുണ്ടായാല്‍. സ്വര്‍ഗ്ഗം കാണും ഞാന്‍.

പ്രണയത്തിന്‍റെ ശക്തി അറിഞ്ഞ നാളുകള്‍. കരിങ്കല്‍പ്പാറകളുടെ ശക്തിയാണ് ആത്മാര്‍ത്ഥ പ്രണയത്തിന് എന്ന് ഞാന്‍ അറിഞ്ഞു അവളുടെ പ്രണയത്തിലൂടെ. പ്രണയത്തിന്‍റെ മുന്നില്‍ എന്ത് പ്രതിഷേധം? ആരുടെ പ്രതിഷേധം? ഒന്നും വിലപ്പോയില്ല. ഞങ്ങളുടെ പ്രണയതീവ്രതയുടെ ചൂടിൽ  എല്ലാരും ഉരുകി. ബന്ധുക്കൾ കീഴടങ്ങി. പ്രണയം വിജയിച്ചു. ഇപ്പോൾ എല്ലാരുമുണ്ട്. ഇന്നും സ്വര്‍ഗ്ഗതുല്യമായി ജീവിക്കുന്നു അവളുടെ പ്രണയത്തില്‍ മുങ്ങാംകുളിയിട്ടു നീന്തിത്തുടിച്ചങ്ങനെ.





Comments

Popular posts from this blog

ഒരു പെണ്ണുകാണൽ

പ്രണയലേഖനം

പാതിയിൽ പൊലിഞ്ഞ ജീവിതം